രാജാക്കാട്: രാജാക്കാട് അടിവാരം റോഡിൽ പ്രവർത്തിക്കുന്ന ബിവറേജസ് മദ്യവിൽപനശാലയ്ക്കുസമീപം സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നതായി പരാതി. സന്ധ്യയായാൽ മുതിർന്നവർക്കുപോലും ഇതുവഴി സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. മദ്യലഹരിയിൽ സാമൂഹ്യവിരുദ്ധർ വഴിയാത്രക്കാരെ കൈയേറ്റംചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
കഴിഞ്ഞദിവസം വൈകുന്നേരം മദ്യലഹരിയിലെത്തിയ ഇതരസംസ്ഥാന തൊഴിലാളി വിവസ്ത്രനായി സ്ത്രീകളും കുട്ടികളും മാത്രമുള്ള വീട്ടിൽ കയറി അക്രമത്തിനു ശ്രമിച്ചു. വീട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് രാജാക്കാട് പോലിസെത്തിയാണ് ഇയാളെ ഇവിടെനിന്നും മാറ്റിയത്.
പ്രദേശത്ത് പോലിസ് പരിശോധനയില്ലെന്നും പട്ടാപ്പകൽപോലും റോഡിൽനിന്ന് മദ്യപിക്കുന്നവരെ കാണാമെന്നും സമീപവാസികൾ പറയുന്നു. ഉപയോഗശേഷം ചില്ലുകുപ്പി പരിസരത്തുള്ള പറന്പുകളിലേക്ക് വലിച്ചെറിയുന്നതായും തല്ലിപ്പൊട്ടിച്ചിടുന്നതായും പറയുന്നു.
പോലിസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്നും തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാർ ജനപ്രതിനിധികൾക്ക് പരാതി നൽകി.