ദുബായി: ഷോപ്പിംഗ് മാളിൽ പാർക്കിംഗ് കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന 13 കാറുകൾക്ക് തീകൊളുത്തിയ കേസിൽ ഡ്രൈവർക്കെതിരെ ദുബായി കോടതി വിചാരണ ആരംഭിച്ചു. പുതിയ ഡ്രൈവറെ കമ്പനി നിയമിച്ചതിന്റെ അരിശത്തിൽ നാൽപ്പത്തിരണ്ടുകാരനായ പാക്കിസ്ഥാൻകാരനായ ഡ്രൈവറാണ് വാഹനങ്ങൾക്കു തീയിട്ടത്.
ഇയാൾ ഓടിച്ചിരുന്ന വാഹനത്തിൽനിന്നും പെട്രോൾ ഊറ്റിയെടുത്ത് പുതിയ ഡ്രൈവറുടെ മിനിബസിൽ ഒഴിച്ചു. പിന്നീട് വാഹനത്തിൽ സിഗരറ്റ് കത്തിച്ചിട്ടു. ആളിപ്പടർന്ന തീ പാർക്കിംഗ് കേന്ദ്രത്തിലുണ്ടായിരുന്ന 13 കാറുകളിലേക്കും പടർന്നു. പാക്കിസ്ഥാൻകാരന്റെ വസ്ത്രത്തിലും തീപിടിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ തീപടർന്ന വസ്ത്രവുമായി രക്ഷപെടുന്നത് കാണാം.
രക്ഷപെടാൻ ഉപയോഗിച്ച കാറിന്റെ നമ്പർ പിന്തുടർന്ന് ഇയാളെ ദുബായി പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിൽനിന്നാണ് പിടികൂടിയത്. മാളിലെ ജീവനക്കാരെ കൊണ്ടുപോകുന്നതിനുള്ള കൂലി പുതിയ ഡ്രൈവർ കുറച്ചു. ഇതുമൂലം വലിയ നഷ്ടം ഉണ്ടായതാണ് പ്രതികാരം ചെയ്യാൻ കാരണമായതെന്ന് ഇയാൾ പറഞ്ഞു.
പുതിയ ഡ്രൈവറുടെ മിനിബസിനു തീയിട്ട ശേഷം അൽ ജഫീലിയയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ വിമാനത്താവളത്തിലെത്തി പാക്കിസ്ഥാനിലേക്ക് രക്ഷപെടാനായിരുന്നു പ്രതിയുടെ പദ്ധതി. ഇതിനായി നേരത്തെ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കേസിൽ കോടതി ഈ മാസം 29 ന് വിധി പറയും.