വൈക്കം: കായൽവിഭവങ്ങളുടെ രുചിയും പ്രകൃതിസൗന്ദര്യവും ആസ്വദിച്ച് വേന്പനാട്ടു കായലിന്റെ ഓളപ്പരപ്പിലൂടെയുള്ള മത്സ്യഫെഡിന്റെ പുതിയ ടൂർ പാക്കേജിന് തുടക്കമായി. മത്സ്യ ഫെഡിന്റെ കാട്ടിക്കുന്നിലുള്ള പാലായ്ക്കരി, എറണാകുളം ജില്ലയിലെ മാലിപ്പുറം, ഞാറക്കൽ അക്വാ ടൂറിസം കേന്ദ്രങ്ങളിലെ കാഴ്ചകൾ ഒന്നിച്ചു കാണുന്നതിന് ജലമാർഗമുള്ള പ്രവാഹിനി, കരമാർഗമുള്ള ഭൂമിക ടൂർപാക്കേജിന്റെ ഉദ്ഘാടനം സി.കെ. ആശ എംഎൽഎ നിർവഹിച്ചു.
കായൽത്തീരങ്ങളിലെ പ്രകൃതിസൗന്ദര്യവും പ്രദേശവാസികളുടെ സ്നേഹം നിറഞ്ഞ പെരുമാറ്റവും വൈക്കത്തിന്റെ വിനോദസഞ്ചാര സാധ്യത വർധിപ്പിക്കത്തക്കതാണ്. ഇത് പ്രയോജനപ്പെടുത്തിക്കൊണ്ട് കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി പ്രവർത്തനക്ഷമമാക്കുമെന്നും സി.കെ. ആശ എംഎൽഎ പറഞ്ഞു.
പാലാക്കരി ഫാം കവാടത്തിനു സമീപം നിർമിച്ച മത്സ്യകന്യകയുടെ ശില്പവും സി.കെ. ആശ എംഎൽഎ അനാച്ഛാദനം ചെയ്തു. ടൂർ പാക്കേജിന്റെ ആദ്യ കരയാത്ര മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ ഫ്ളാഗ് ഓഫ് ചെയ്തു. പുരാതന കാലത്തെ മത്സ്യത്തൊഴിലാളികകൾ വള്ളത്തിലും വീടുകളിലും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെ ശേഖരമുള്ള കെട്ടുവള്ളം മ്യൂസിയത്തിന്റെ ഉദ്ഘാടനം ചെന്പ് പഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകൻ നിർവഹിച്ചു.
മത്സ്യകന്യകയുടെ ശിൽപികളായ സന്തോഷ് ഉഴൂർ, ഉദയൻ കന്മനം, കെട്ടുവള്ളം നിർമിച്ച കെ.എം. സജി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്തംഗങ്ങളായ റഷീദ്, സ്മിത, റംല, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ ടി. രഘുവരൻ, ശ്രീവിദ്യ സുമോദ്, പി.എസ്. രേഖ, ഡിജിഎം (അക്വ) വി. രേഖ, മത്സ്യഫെഡ് ജില്ലാ മാനേജർ പി.ടി. ജോസഫ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജയശ്രീ, ഫാം മാനേജർ നിഷ എന്നിവർ പ്രസംഗിച്ചു.
അവിസ്മരണീയമാക്കാം, ഒരു ദിനം
കോട്ടയം: ആറു പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിലുള്ള പ്രവാഹിനി ജലയാത്രയും 15 പേർക്ക് സഞ്ചരിക്കാവുന്ന വാഹനത്തിനുളള കരയാത്രയും രാവിലെ 8.30ന് പാലാക്കരിയിൽ നിന്ന് ആരംഭിക്കും. പ്രഭാത ഭക്ഷണത്തിനുശേഷം ഒന്നര മണിക്കൂർ വേന്പനാട്ട് കായലിലൂടെ ശിക്കാരി ബോട്ടിൽ യാത്ര, തുടർന്ന് പാലാക്കരിയിലെ കാഴ്ചകൾ കാണാം. പെഡൽ ബോട്ടിംഗിനും ചൂണ്ടയിടുന്നതിനും സൗകര്യമുണ്ട്.
എറണാകുളം ഗോശ്രീ പാലം വഴി 11.50ന് വൈപ്പിനിലെ ഞാറയ്ക്കൽ അക്വാടൂറിസം സെന്ററിൽ വഞ്ചിത്തുരുത്തിലെ ഏറുമാടത്തിൽ ഫാമിലെ മത്സ്യ വിഭവങ്ങളോടു കൂടിയ ഊണ്. വെള്ളത്തിന് നടുവിലെ മുളംകുടിലുകൾ, വാട്ടർ സൈക്കിൾ, കയാക്കിംഗ്, കൈത്തുഴ ബോട്ട്, പെഡൽ ബോട്ട്, കുട്ടവഞ്ചി തുടങ്ങിയവ ആസ്വദിക്കാം.
മാലിപ്പുറം അക്വാ കേന്ദ്രത്തിലേക്കാണ് തുടർന്നുള്ള യാത്ര. അവിടെ മനോഹരമായ കണ്ടൽ പാർക്കും പൂമീൻ ചാട്ടവും സഞ്ചാരികൾക്ക് ആസ്വദിക്കാം. ചാപ്പാ ബീച്ച് സന്ദർശനം കഴിഞ്ഞ് വൈകുന്നേരം 6.30ന് ഗോശ്രീ പാലം വഴി പാലാക്കരി ഫിഷ് ഫാമിൽ തിരിച്ചെത്തി യാത്ര അവസാനിപ്പിക്കും.