കൽപ്പറ്റ: ഓർക്കിഡ് കുടുംബത്തിൽപ്പെട്ട ലിപ്പാരിസ് ചാങ്ങ്ഗി സസ്യത്തെ വയനാട്ടിൽ കണ്ടെത്തി.പൂത്തൂർവയൽ ഡോ.എം.എസ്. സ്വാമിനാഥൻ സാമൂഹിക കാർഷിക ജൈവവൈവിധ്യ കേന്ദ്രത്തിലെ സലിം പിച്ചൻ, ജയേഷ് പി. ജോസഫ്, എം. ജിതിൻ, ആലപ്പുഴ എസ്ഡി കോളജ് ലക്ചറർ ഡോ.ജോസ് മാത്യു, സൗത്ത് വയനാട് ഡിഎഫ്ഒ ആയിയുന്ന പി. ധനേഷ്കുമാർ എന്നിവരടങ്ങുന്ന സംഘം വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽപ്പെട്ട പൊൻകുഴിയിൽ നടത്തിയ നിരീക്ഷണത്തിലാണ് സസ്യം ശ്രദ്ധയിൽപ്പെട്ടത്. ചൈന, വിയറ്റ്നാം എന്നിവിടങ്ങളിൽ നേരത്തേ കണ്ടെത്തിയ ലിപ്പാരിസ് ചാങ്ങ്ഗിയുടെ സാന്നിധ്യം ഇന്ത്യയിൽ ആദ്യമായാണ് സ്ഥിരീകരിക്കുന്നത്.
നിലംപറ്റി വളരുന്ന ഈ സസ്യത്തിന് ഹൃദയാകാരത്തോടുകൂടിയ രണ്ട് ഇലയും വെള്ള നിറമുള്ള ചെറിയ കിഴങ്ങും ഹരിതവർണത്തിലുള്ള പൂക്കളുമാണുള്ളത്. ലിപ്പാരിസ് ചാങ്ങ്ഗി സസ്യത്തെ വയനാട്ടിൽ കണ്ടെത്തിയതു സംബന്ധിച്ച റിപ്പോർട്ട് ഇന്ത്യൻ ഫോറസ്റ്ററിന്റെ കഴിഞ്ഞ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.
വന്യ ഓർക്കിഡ് വൈവിധ്യത്തിനു പ്രസിദ്ധമാണ് വയനാടൻ വനം. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതിനകം 185 ഇനം വന്യ ഓർക്കിഡുകൾ കണ്ടെത്തിയിട്ടുണ്ടെന്നു സലിം പിച്ചൻ പറഞ്ഞു.