നേമം: ചാലക്കുടിക്കാരൻ ചങ്ങാതിയെന്ന സിനിമയിൽ മണിയുടെ വേഷമിട്ട കെ.എസ്.ആർ.ടി.സി. പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ സെന്തിൽകൃഷ്ണയ്ക്ക് സഹപ്രവർത്തകരുടെ ആദരവ്. രണ്ടായിരത്തി പതിനാല് മുതൽ പാപ്പനംകോട് ഡിപ്പോയിൽ ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന സെന്തിൽകൃഷ്ണയ്ക്ക് അപ്രതീക്ഷിതമായാണ് കലാഭവൻ മണിയുടെ വേഷം അഭിനയിക്കാൻ അവസരം ലഭിച്ചത്.
കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ രാജാമണി എന്ന പേരിലാണ് സെന്തിൽ അഭിനയിച്ചത്. കല്ലിയൂർ പുന്നമൂട് സ്വദേശിയായ സെന്തിൽ കൃഷ്ണ മിമിക്രി താരമായി തുടങ്ങി നിരവധി ഹാസ്യ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
സിനിമ റീലിസായതോടെ നാട്ടുകാരും സുഹൃത്തുക്കളും ആഹ്ലാദത്തിലാണ് സിനിമയുടെ വിജയം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. പാപ്പനംകോട് ഡിപ്പോയിൽ നടന്ന ആദരവ് പരിപാടി സിനിമ നിർമ്മാതാവ് കിരീടം ഉണ്ണി ഉദ്ഘാടനം ചെയ്തു.
എ.ടി.ഒ. ബി. അനിൽകുമാർ സെന്തിലിന് ഉപഹാരം നൽകി. യൂണിറ്റിലെ തൊഴിലാളികൾ നിർമ്മിച്ച അരക്കലാന്പ് എന്ന ഷോർട്ട് ഫിലിമിന്‍റെ അണിയറ പ്രവർത്തകരായ ബി. മുഹമ്മദ് താഹ, സി.വി. സുനിൽ, എസ് .ബൈജു പൂജപ്പുര എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ആർട്ടിസ്റ്റ് സജു വരച്ച ഛായാചിത്രം സെന്തിലിന് സമ്മാനിച്ചു.
സംഘാടക സമിതി ചെയർമാൻ എസ്.കെ. മണി അദ്ധ്യക്ഷനായി. കണ്‍വീനർ ആർ .അനിൽകുമാർ, ഡിപ്പോ എഞ്ചിനീയർ ബ്രിജ്ലാൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സൂസമ്മ, ട്രേഡ് യൂണിയൻ നേതാക്കളായ അനിൽകുമാർ,ആന്‍റണി, സുരേഷ്, രാജശേഖർ, ട്രഷറർ സതീഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.