പതിനഞ്ച് കൊല്ലം മുമ്പ് നടന്ന കാര്യങ്ങള്‍ കുത്തിപ്പൊക്കി കൊണ്ടുവന്ന് പരാതി കൊടുക്കാനുള്ള വേദിയല്ല ഈ സെല്‍! എന്തും തുറന്ന് പറയാന്‍ പറ്റുന്ന ആളാണ് ലളിത ചേച്ചി; അമ്മയിലെ വനിതാ സെല്ലിനെക്കുറിച്ച് ഷംന കാസിം

ഡബ്ലുസിസിയുടെ ആരോപണങ്ങളും വാര്‍ത്തകളും തള്ളി നടി ഷംന കാസിം. അമ്മ സംഘടന രൂപീകരിച്ച വനിതാ സെല്ലിന്റെ ആദ്യയോഗത്തില്‍ മീടു വെളിപ്പെടുത്തലുകള്‍ ഉണ്ടായെന്ന വാര്‍ത്തയാണ് ഷംന നിഷേധിച്ചിരിക്കുന്നത്. താന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നെന്നും എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടായില്ലെന്നുമാണ് ഷംന വ്യക്തമാക്കുന്നത്.

ശനിയാഴ്ച കൊച്ചിയില്‍ നടന്നത് ഒരു സൗഹൃദ സംഗമം മാത്രമാണെന്നും തിരുവനന്തപുരത്ത് എല്ലാം വനിതാ അംഗങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ യോഗം നടത്തുമെന്നും ഷംന പറഞ്ഞു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്തരത്തിലൊരു സെല്‍ രൂപവത്കരിച്ചത്.

പൊന്നമ്മ ബാബു, കെപിഎസി ലളിത എന്നിവരാണ് നേതൃനിരയിലുള്ളത്. മാധ്യമങ്ങളില്‍ പ്രചരിച്ചതുപോലെ മീ ടു വെളിപ്പെടുത്തലുകളൊന്നും ഉണ്ടായിട്ടില്ലെന്നും പ്രശ്‌നങ്ങളോ ബഹളങ്ങളോ ഇല്ലാതെ കളിയും ചിരിയുമായ അന്തരീക്ഷമായിരുന്നു അവിടൈയന്നും ഷംന പറഞ്ഞു.

എന്തും തുറന്ന് പറയാന്‍ പറ്റുന്ന ആളാണ് കെ.പി.എസി ലളിത ചേച്ചിയെന്നും അതുപോലെ തന്നെയാണ് പൊന്നമ്മചേച്ചിയും കുക്കുച്ചേച്ചിയുമെന്നും ഷംന വ്യക്തമാക്കി. പതിനഞ്ച് കൊല്ലം മുന്‍പ് നടന്ന കാര്യങ്ങള്‍ കുത്തിപ്പൊക്കി കൊണ്ടുവന്ന് പരാതി കൊടുക്കാനുള്ള വേദിയല്ല ഈ സെല്‍. ഇനി ഇത്തരത്തില്‍ എന്തെങ്കിലും പരാതി ഉണ്ടായാല്‍ തുറന്ന് പറയാനുള്ള ഇടമാണത്. ഷംന കൂട്ടിച്ചേര്‍ക്കുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവെയാണ് ഷംന ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Related posts