മുംബൈ: രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തിൽ അസാധാരണ ഇടിവ്. ഒക്ടോബർ ഒന്നിന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യശേഖരം കുറഞ്ഞത് 514.3 കോടി ഡോളർ. ഇതോടെ ശേഖരം 39,446.5 കോടി ഡോളറായി താണു. ഇത്ര വലിയ പ്രതിവാര ഇടിവ് സമീപവർഷങ്ങളിൽ ഉണ്ടായിട്ടില്ല.
ഓഹരിവിപണിയിലെയും കടപ്പത്ര വിപണിയിലെയും വിദേശനിക്ഷേപകർ പിൻവലിയുന്നതും രൂപയെ പിടിച്ചുനിർത്താൻ കൂടുതൽ ഡോളർ വിറ്റഴിക്കുന്നതുമാണ് വിദേശനാണ്യശേഖരം കുറയാൻ ഇടയാക്കുന്നത്.
ജനുവരി ഒന്നിനെ അപേക്ഷിച്ചു രൂപയുടെ വിനിമയനിരക്ക് 16 ശതമാനമാണു കുറഞ്ഞത്. ജനുവരി ഒന്നിന് 63.68 രൂപയായിരുന്ന ഡോളർ കഴിഞ്ഞയാഴ്ച 74.5 രൂപയിലെത്തി. ഈയാഴ്ച അല്പം ഉണർവ് രൂപയ്ക്കുണ്ടായി. 73.32 രൂപയാണ് വെള്ളിയാഴ്ചത്തെ ഡോളർ നിരക്ക്. ഇതു ജനുവരി ഒന്നിൽനിന്ന് 15.25 ശതമാനം താഴെയാണ്.
നാലായിരം കോടി ഡോളർ ഇറക്കി രൂപയെ സംരക്ഷിക്കാൻ ഇതിനകം 4000 കോടി ഡോളർ റിസർവ് ബാങ്ക് ചെലവഴിച്ചു. രൂപയെ പിടിച്ചുനിർത്തുക എന്നതിനേക്കാൾ പ്രതിദിന ചാഞ്ചാട്ടം പരിമിതപ്പെടുത്തുക എന്ന ലക്ഷ്യമായിരുന്നു റിസർവ് ബാങ്കിന്റേത്. ഡോളർ വില 73 രൂപയുടെ പരിസരത്തു തുടരുന്നതിൽ റിസർവ് ബാങ്കിന് ആശങ്കയില്ല. നമ്മുടെ വാണിജ്യ പങ്കാളികളുമായുള്ള താരതമ്യത്തിൽ രൂപയുടെ പ്രായോഗിക വിനിമയനിരക്ക് ഇപ്പോഴും മെച്ചമാണെന്നാണു റിസർവ് ബാങ്കിന്റെ വിലയിരുത്തൽ.
വിനിമയനിരക്ക് കുറഞ്ഞു നിൽക്കുന്നതു കയറ്റുമതിയെ സഹായിക്കും. എന്നാൽ, സെപ്റ്റംബറിലെ കയറ്റുമതിക്കണക്ക് നിരാശപ്പെടുത്തുന്നതായി.
ഡോളർ കണക്കിൽ കയറ്റുമതി രണ്ടര ശതമാനം കുറവായിരുന്നു. അമേരിക്ക അഴിച്ചുവിട്ടിരിക്കുന്ന വ്യാപാരയുദ്ധം കയറ്റുമതിയെ ബാധിക്കുന്നുണ്ടെന്നാണു സെപ്റ്റംബർ കണക്ക് നല്കുന്ന സൂചന.
വിദേശികൾ മടങ്ങുന്നു
രാജ്യത്തുനിന്നു വിദേശനിക്ഷേപകർ പണം പിൻവലിക്കുന്നതിന്റെ വേഗം കൂടി. ഒക്ടോബറിൽ ആദ്യ 18 ദിവസംകൊണ്ട് അവർ തിരിച്ചുകൊണ്ടുപോയത് 31,984 കോടി രൂപ. ഓഹരികളിൽനിന്ന് 19,810 കോടിയും കടപ്പത്രങ്ങളിൽനിന്ന് 12,167 കോടിയും പിൻവലിച്ചു.
ഏപ്രിൽ ഒന്നുമുതൽ ഇതുവരെ വിദേശികൾ പിൻവലിച്ചത് 93,481 കോടി രൂപയാണ്. 2002-നുശേഷം ഇത്രവലിയ വിറ്റൊഴിയൽ ഉണ്ടായിട്ടില്ല.
അമേരിക്ക പലിശ വർധിപ്പിച്ചു വരുന്നതോടെ അവിടത്തെ കടപ്പത്രവിപണി ആകർഷകമായതാണു വിദേശികളെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ഡോളറിനു കരുത്തു കൂട്ടിയെങ്കിലും അമേരിക്കൻ കന്പനികളുടെ ലാഭക്ഷമത കൂട്ടുന്നതും അവരെ മടങ്ങിപ്പോകാൻ പ്രേരിപ്പിക്കുന്നു.
ഡിസംബറിൽ അമേരിക്ക വീണ്ടും പലിശ കൂട്ടുമെന്നാണു സൂചന. അതു വീണ്ടും നിക്ഷേപം മടങ്ങിപ്പോകാൻ ഇടയാക്കും.