അയ്യപ്പസന്നിധിയില്‍ കണ്ണുനീര്‍ പൊഴിച്ച് ഐജി ശ്രീജിത്ത്, പുലര്‍ച്ചെ ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനിടെ കണ്ണീരൊഴുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, വിശ്വാസികള്‍ക്കിടയില്‍ ചര്‍ച്ചയായി ആ ചിത്രം

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനായി സര്‍ക്കാര്‍ നിയോഗിച്ച പോലീസ് ഉദ്യേഗസ്ഥനായിരുന്നു ഐജി ശ്രീജിത്ത്. സുപ്രീംകോടതി വിധി എങ്ങനെയും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ വിശ്വാസികള്‍ പ്രതിഷേധത്തോടെ രംഗത്തെത്തി. ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ പോലീസ് യൂണിഫോമില്‍ മലകയറ്റിക്കാനുള്ള ചുമതല ഏറ്റെടുത്തതും ശ്രീജീത്ത് ആയിരുന്നു. ഇപ്പോഴിതാ അതേ ഐജി തന്നെ അയ്യപ്പ സന്നിധിയില്‍ കണ്ണീരണിഞ്ഞ് എത്തിയിരിക്കുന്നു. ചിത്രം സോഷ്യല്‍മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്.

എല്ലാമാസവും മൂകാംബിക ദര്‍ശനം നടത്തുന്ന ശ്രീജിത്ത് വലിയ വിശ്വാസിയാണ്. മൂകാംബികാ ദര്‍ശനത്തിന് ശേഷമാണ് പമ്പയില്‍ ഡ്യൂട്ടിക്കായി എത്തിയതും. അതേസമയം ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചതും ഇദ്ദേഹത്തെ തന്നെയായിരുന്നു. ശ്രീജിത്ത് സാധാരണ ഭക്തനെ പോലെ ശബരിമലയില്‍ നിറഞ്ഞൊഴുകുന്ന മിഴികളോടെ അയ്യപ്പനെ ദര്‍ശിക്കുന്ന ചിത്രം വൈറലാവുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് ശ്രീജിത്ത് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. കൈകള്‍ കൂപ്പി ഭക്തര്‍ക്കിടയില്‍ നിന്ന് മനമുരുകി പ്രാര്‍ത്ഥിക്കുന്ന ശ്രീജിത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കാണാം.

മറ്റ് വിശ്വാസികളെ പോലെ ഞാനും ഭക്തനാണ്. ഞങ്ങള്‍ ഡ്യൂട്ടിയുടെ ഭാഗമായിട്ടാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. ഭക്തരെ ചവിട്ടി അരച്ച് ഞങ്ങള്‍ മുന്നോട്ടു നീങ്ങാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം നിയമം നടപ്പാക്കേണ്ട സാഹചര്യമുണ്ട്. നിങ്ങളുടെ വിശ്വാസം മാത്രമല്ല സംരക്ഷിക്കേണ്ടതെന്നും ഐജി പ്രതിഷേധക്കാരോട് വ്യക്തമാക്കുകയായിരുന്നു. നിയമം നടപ്പാക്കേണ്ട ബാദ്ധ്യതയുള്ളതിനാലാണ് താന്‍ അവര്‍ക്ക് സുരക്ഷ ഒരുക്കിയതെന്നും ഐജി അന്നു പറഞ്ഞിരുന്നു.

ചിത്രം കടപ്പാട് കേരളകൗമുദി

Related posts