കൊച്ചി: താരസംഘടനയായ അമ്മയിൽനിന്നും രാജിവച്ചുകൊണ്ട് നടൻ ദിലീപ് സംഘടനയ്ക്കയച്ച കത്ത് പുറത്ത്. ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണു കത്ത് പുറത്തുവിട്ടത്. കഴിഞ്ഞ 10ന് അമ്മ ജനറൽ സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തുവന്നിട്ടുള്ളത്.
അമ്മ എന്ന സംഘടനയിൽ നിന്നുള്ള എന്റെ രാജികത്ത് അമ്മയിലെ അംഗങ്ങൾക്കും പൊതുജനങ്ങൾക്കും എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കും എല്ലാവർക്കുമായ് ഞാൻ പങ്കുവയ്ക്കുകയാണെന്നു’ പറഞ്ഞാണു ദിലീപ് ഫേസ്ബുക്കിലൂടെ കത്ത് പുറത്തുവിട്ടത്.
അമ്മയുടെ എക്സിക്യൂട്ടിവിനുശേഷവും കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോൾ കത്ത് പുറത്തുവിടുന്നതെന്നും അമ്മയുടെ ബൈലോപ്രകാരം തന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂവെന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്, പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി ഞാൻ എന്റെ ജേഷ്ഠസഹോദരനായ മോഹൻലാലുമായ് വിശദമായ ചർച്ചകൾക്കു ശേഷമാണു രാജികത്ത് നൽകിയതെന്നും രാജികത്ത് സ്വീകരിച്ചാൽ അത് രാജിയാണ്, പുറത്താക്കലല്ലെന്നും കുറിച്ചുകൊണ്ടാണ്’ കത്ത് പുറത്തുവിട്ടത്.
‘എന്റെ പേര് പറഞ്ഞ് അമ്മയെ തകർക്കാനുള്ള ഗൂഡാലോചനകളും വിവാദങ്ങളും തുടരേണ്ട. ഈ നിമിഷംവരെ ഞാൻ അമ്മയിൽ അംഗമാണ് എന്ന് വിശ്വസിക്കുന്നു. ഈ വിവാദം അവസാനിപ്പിക്കുന്നതിനുവേണ്ടി ഞാൻ നൽകുന്ന രാജികത്തായി ഈ കത്ത് പരിഗണിക്കണമെന്നും അമ്മയുടെ അംഗത്തിൽനിന്ന് എന്നെ ഒഴിവാക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു’വെന്നും ദിലീപ് കഴിച്ച 10 ന് അയച്ച കത്തിന്റെ അവസാനം പറയുന്നു.
ദിലീപിൽനിന്നും രാജി ചോദിച്ചുവാങ്ങുകയായിരുന്നുവെന്നാണു കഴിഞ്ഞ ദിവസം ചേർന്ന അമ്മ അവെയ്ലബിൾ എക്സിക്യൂട്ടിവ് യോഗത്തിനുശേഷം അമ്മ പ്രസിഡന്റ് മോഹൻലാൽ വ്യക്തമാക്കിയിരുന്നത്.
ദിലീപിന്റെ വിശദീകരണം ഇങ്ങനെ…
അമ്മ ‘ എന്നസംഘടനയില്‍ നിന്നുള്ള എന്റെ രാജികത്ത് അമ്മയിലെ അംഗങ്ങള്‍ക്കും,പൊതുജനങ്ങള്‍ക്കും,എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും, എല്ലാവര്‍ക്കുമായ് ഞാന്‍ പങ്കുവയ്ക്കുകയാണ്,അമ്മയുടെ എക്സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോള്‍ കത്ത് പുറത്തുവിടുന്നത്.
അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജികത്ത് നല്‍കിയത്. രാജികത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ്,പുറത്താക്കലല്ല.