ധോണി അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും, താമര വിരിയിക്കാനെത്തുക ജാര്‍ഖണ്ഡിലെന്ന് സൂചന, ഗംഭീര്‍ ഡല്‍ഹിയില്‍, തമിഴ്‌നാട്ടില്‍ ധോണിയെ പ്രചാരണത്തിനെത്തിച്ച് മേല്‍ക്കൈ നേടാനും ബിജെപി ലക്ഷ്യം

യുവാക്കളുടെ ഇടയില്‍ വലിയ സ്വാധീനമുള്ള ക്രിക്കറ്റ് താരങ്ങളെ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനൊരുങ്ങി ബിജെപി. എം.എസ്. ധോണി, ഗൗതം ഗംഭീര്‍ എന്നിവരാണ് ബിജെപി ലിസ്റ്റിലുള്ള പ്രമുഖര്‍. ധോണിയെ സ്വന്തം സംസ്ഥാനമായ ജാര്‍ഖണ്ഡിലും ഗംഭീറിനെ ഡല്‍ഹിയിലുമാണ് മത്സരിപ്പിക്കാന്‍ പദ്ധതി. ഗംഭീര്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. പ്രചരണത്തിന് ഇറങ്ങാമെന്ന് ധോണി സമ്മതിച്ചപ്പോള്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അടുത്ത ലോകകപ്പ് വരെ കളിക്കാന്‍ പദ്ധതിയുള്ള ധോണി അടുത്തുതന്നെ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹിയില്‍ മത്സരിക്കുമെന്ന് ഗംഭീര്‍ നേരത്തെ തന്നെ സൂചന നല്കിയിരുന്നു. മുമ്പ് തന്നെ ബിജെപി വഴിയേയാണെന്ന് അദേഹം പറയാതെ പറയുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ തലയെടുപ്പുള്ള നേതാക്കന്മാരില്ലാത്ത ബിജെപിക്ക് ഗംഭീറിന്റെ ജനപ്രീതി ഗുണംചെയ്യും. ക്രിക്കറ്റില്‍ നല്ലകാലം പിന്നിട്ട അദേഹം ഉടന്‍ തന്നെ വിരമിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ കുടുംബവും ഗ്രീന്‍സിഗ്നല്‍ നല്കി കഴിഞ്ഞു.

ധോണി ബിജെപി അനുഭാവിയാണെങ്കിലും അടുത്ത ലോകകപ്പ് തന്നെയാണ് മത്സരിക്കുന്ന കാര്യത്തില്‍ ഒരു തീരുമാനമെടുക്കുന്നതില്‍ നിന്ന് അദേഹത്തെ തടയുന്നത്. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ ധോണിക്ക് താല്പര്യമുണ്ട്. രണ്ടും കൂടി ഒരേസമയത്ത് വരുന്നതിനാല്‍ പ്രചാരണത്തിന് മാത്രമായി ഇറങ്ങാന്‍ ധോണി തീരുമാനിച്ചേക്കും. ജാര്‍ഖണ്ഡില്‍ പരമാവധി സീറ്റുകള്‍ ലക്ഷ്യമിടുന്ന ബിജെപി, താര പ്രചാരകനായി ധോണിയെ രംഗത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് ക്യാപ്റ്റനാണ് ധോണി. തമിഴ്‌നാട്ടില്‍ സിനിമതാരങ്ങളേക്കാള്‍ ജനപ്രീതിയുള്ള താരം. അതുകൊണ്ട് തന്നെ ധോണി പ്രചാരണത്തിന് ഇറങ്ങിയാല്‍ അത് തമിഴ്‌നാട്ടില്‍ അത്ര വേരില്ലാത്ത ബിജെപിക്ക് ലോട്ടറിയാകും. സംസ്ഥാനത്ത് താമരയ്ക്കു വേരോട്ടമുണ്ടാക്കാന്‍ തമിഴ് സൂപ്പര്‍താരം രജനീകാന്തിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കം പാളിയ സാഹചര്യത്തിലാണ് ധോണിയെ എത്തിച്ച് കളം പിടിക്കാനുള്ള ശ്രമമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തായാലും കൊണ്ടുപിടിച്ച നീക്കങ്ങളിലാണ് ബിജെപി.

Related posts