തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തിയതെന്നും ഇതിനായി ഗൂഢപദ്ധതി തയാറാക്കപ്പെട്ടിരുന്നെന്നും പിണറായി ആരോപിച്ചു.
സുപ്രീം കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്കു ഭരണഘടനാ പരമായ ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തമാണ് സർക്കാർ നിർവഹിക്കുന്നത്. ശബരിമലയെ സംഘർഷഭൂമിയതാക്കൽ സർക്കാരിന്റെ ഉദ്ദേശമല്ല. അവിടെ സുപ്രീം കോടതി വിധിയനുസരിച്ച് വിശ്വാസികൾക്കെല്ലാം ശബരിമലയിൽ പോയി ആരാധിക്കാനുള്ള അവകാശമുണ്ട്. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കുന്നു.
ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമമാണു സംഘപരിവാർ നടത്തിയത്. അതിനു ഗൂഡപദ്ധതികൾ സംഘപരിവാർ നടപ്പാക്കി. പ്രതിഷേധത്തിന്റെ പേരിൽ പന്തൽ കെട്ടി സമരം നടത്തുന്പോൾ സർക്കാർ എതിരുനിന്നില്ല. എന്നാൽ അവിടെ എത്തിയ വിശ്വാസികൾക്കുനേരെ പരിശോധനയും ആക്രമണമുണ്ടായി. ശബരിമലയിലേക്കു പോയ സാധാരണ ഭക്തർക്കും തടസം സൃഷ്ടിക്കപ്പെട്ടു. മാധ്യമപ്രവർത്തകർക്കുനേരെയും ആക്രമണമുണ്ടായി.
സർക്കാരോ പോലീസോ ഒരു വിശ്വാസിയേയും തടഞ്ഞിട്ടില്ല. സംഘപരിവാറിന്റെ അക്രമമുഖം ദൃശ്യങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. രാജ്യത്ത് നിലനിൽക്കുന്ന എല്ലാ മര്യാദകളെയും സംഘപരിവാർ നിയമം ലംഘിച്ചു കൈയിലെടുത്തു. വനിതകൾക്കുനേരെ ആക്രമണവും തെറിയഭിഷേകവുമുണ്ടായി.
ഇവരുടെ വീടുകളും ആക്രമിക്കപ്പെട്ടു. ഇത് സംഘപരിവാർ ഒരു ഗൂഢപദ്ധതി തയാറാക്കി എന്നതിന്റെ ഉദാഹരണമാണ്. യുവതികളെയും അവരുടെ വീടുകളും ആക്രമിക്കാൻ മുൻകൂട്ടി പദ്ധതി തയാറാക്കി.
ഇരുമുടിക്കെട്ട് എടുത്ത് ശബരിമലയിലേക്ക് എത്തണമെന്ന വോയിസ് സന്ദേശങ്ങൾ ആസൂത്രണത്തിന്റെ ഭാഗമാണ്. ഇതിന് ആർഎസ്എസ് നേതൃത്വം നൽകി. ശബരിമലയെ ഒരു സംഘർഷഭൂമിയാക്കാനാണ് ആർഎസ്എസ് ശ്രമം. ഭക്തിയുടെ പേരു പറഞ്ഞ് അവർ അക്രമികളുടെ കേന്ദ്രമാക്കാൻ ശ്രമിച്ചു. അങ്ങനെ ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ അത് നടപ്പില്ല.
ശബരിമല കയറാൻ സന്നദ്ധരായ എല്ലാ സ്ത്രീകൾക്കും സർക്കാർ സുരക്ഷയൊരുക്കും. പോലീസുകാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനും മികച്ച പോലീസ് ഉദ്യോഗസ്ഥരെ വർഗീയമായി വേർതിരിക്കുന്നതിനും ശ്രമമുണ്ടായി. പോലീസ് ജാതിയും മതവും നോക്കിയല്ല പ്രവർത്തിക്കുന്നത്.
സുപ്രീം കോടതി വിധിയെ പൊളിക്കാൻ വർഗീയ ശക്തികൾ ഏതറ്റംവരെയും പോകും എന്നതിന്റെ ഉദാഹരമാണ് ഇവിടെ കണ്ടത്. ഓരോരുത്തർക്കും അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ അവകാശമുണ്ട്. അത് വ്യക്തിപരമാണ്. ശബരിമലയിൽ നടക്കുന്നത് വിശ്വാസികളെ അവഹേളിക്കലാണ്.
സന്നിധാനത്തെ ശാന്തിയും സമാധാനവും തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. അവിടെ കേന്ദ്രീകരിക്കാൻ ഉദ്ദേശിക്കുന്ന ക്രിമിനലുകളെ പുറത്താക്കുമെന്നതിൽ സംശയിക്കേണ്ടതില്ല. ഇത് സർക്കാരിന്റെ ഭരണഘടനാ ബാധ്യതയാണ്. അത് സർക്കാർ നിറവേറ്റും. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പോലും പരിഗണിക്കാതെ അഴിച്ചുവിട്ട അതിക്രമങ്ങളെ അംഗീകരിക്കാൻ സർക്കാരിനു കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.