ചിറ്റൂർ: ഭാര്യയേയും മക്കളെയും കഴുത്തറുത്ത കൊന്ന സംഭവത്തിൽ പ്രതി ചന്ദനപ്പുറം മാണിക്കനെ ചിറ്റൂർ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.സംഭവത്തിൽ പ്രദേശത്തെ ജനങ്ങളുടെ ഭീതി ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. ഭർതൃപീഡനത്തെപ്പറ്റി പോലീസിൽ പരാതി നല്കുന്പോൾ വേണ്ടത്ര പ്രധാന്യം നല്‍കാത്തതിന്റെ ഫലമാണ് മനുഷ്യക്കുരുതിക്കു കാരണമാകുന്നതെന്നാണ് മുൻകാല സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുത്.
കൊല്ലപ്പെട്ട കുമാരിയുടെ പിതാവ് ആറുമുഖൻ രണ്ടുവർഷംമുന്പ് മകളെ ഭർത്താവ് നിരന്തരമായി പീഡിപ്പിക്കുന്നതായി പരാതി നല്‍കിയിരുന്നു. എന്നാൽ പോലീസ് താത്കാലിക ഒത്തുതീർപ്പുണ്ടാക്കുക മാത്രമാണ് ചെയ്തത്.
ചിറ്റൂരിൽ നടന്ന അമ്മയുടെയും മക്കളുടെയും കൂട്ടക്കുരുതിക്കുശേഷവും ഭർതൃപീഡന കേസുകളിൽ പോലീസ് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന ആവശ്യം ശക്തമാണ്. ഒത്തുതീർപ്പു വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്നു തുടർഅന്വേഷണം നടത്താനും പോലീസ് നടപടിയെടുക്കണമെന്നതാണ് ജനകീയ ആവശ്യം.