മുക്കം: പ്രഖ്യാപനം നടന്ന് അഞ്ചു മാസം കഴിഞ്ഞങ്കിലും കുപ്പിവെള്ളത്തിന് വില കുറക്കുമെന്ന സർക്കാർ പ്രഖ്യാപനം ജലരേഖയായി.കുപ്പിവെള്ളത്തിന് അമിതലാഭമീടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു ഒരു ലിറ്റർ വെളളത്തിന്റെ വില 20 രൂപയിൽ നിന്ന് 15 രൂപയാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നത്.
വിലകുറയ്ക്കാൻ ഓർഡിനൻസ് കൊണ്ടുവരുമെന്ന സർക്കാർ പ്രഖ്യാപനവും ഇതുവരെയും നടപ്പായില്ല. അതേസമയം വില പുതുക്കിനിശ്ചയിക്കാനുള്ള പ്രത്യേക സമിതിക്ക് ഇതുവരെ അന്തിമരൂപമായിട്ടില്ല. ഇതാണു വില കുറയാത്തതിന്റെ കാരണം.മാർച്ച് 22-നാണ് വിലകുറക്കുന്നതിനായി കുപ്പിവെള്ള നിർമാണ കമ്പനികളുടെ സംഘടനയായ കേരള ബോട്ടിൽഡ് വാട്ടർ മാനുഫാചേഴ്സ് അസോസിയേഷൻ തീരുമാനിച്ചത്.
കുപ്പിവെള്ളത്തിന്റെ വില 12 രൂപയായി കുറയ്ക്കാൻ നിർമാതാക്കൾ തീരുമാനിച്ചെങ്കിലും വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് നടപ്പായിരുന്നില്ല.ഈ സാഹചര്യത്തിലാണു വില കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്നുള്ള സർക്കാർ പ്രഖ്യാപനം ഉണ്ടായത്.മെയ് മാസത്തിൽ കുപ്പിവെള്ളം അവശ്യസാധനങ്ങളുടെ പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയതിനെതുടർന്നായിരുന്നു ഇത്. ഇതിനായി ഉടൻ വിജ്ഞാപനം ഇറക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞിരുന്നു.
കേരളത്തിലെ 105 കുപ്പിവെള്ള കമ്പനികളാണു സർക്കാരിന്റെഈ പ്രഖ്യാപനത്തിന് അനുകൂലമായി നിന്നത്. കരടുവിജ്ഞാപനം തയാറാക്കിയ സർക്കാർ അഭിപ്രായമറിയാൻ കേരളത്തിനു പുറത്തുള്ള കുപ്പിവെള്ള നിർമാതാക്കളുടെ യോഗം വിളിച്ചുചേർത്തിരുന്നു.വിലകുറക്കുന്നതിൽ എതിർപ്പില്ലെന്നറിയിച്ചനിർമാതാക്കൾ പുതുക്കിയ വില നിശ്ചയിക്കാൻ ശാസ്ത്രീയപഠനം നടത്തണമെന്ന് ആവശ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തിൽ വിലയും വെള്ളത്തിന്റെ ഗുണനിലവാര മാനദണ്ഡവും നിശ്ചയിക്കാനായി ഒൻപതു വകുപ്പുകളിൽ നിന്നായി ഓരോ പ്രതിനിധികളെഉൾപ്പെടുത്തി സമിതിയും രൂപീകരിച്ചു.എന്നാൽ, ആരോഗ്യം, ജലസേചനം, വ്യവസായം എന്നീ വകുപ്പുകൾ പ്രതിനിധികളെ നൽകാത്തതിനാൽ സമിതി ഇപ്പോഴും അപൂർണമാണ്. അതുകൊണ്ടുതന്നെ ഈസമിതി ഇതുവരെയും യോഗം ചേരുകയോ തീരുമാനങ്ങൾ എടുക്കുകയോ ചെയ്തിട്ടില്ല.
ഇതുകാരണമാണ് കുപ്പിവെ ള്ളത്തിന്റെ വില പുതുക്കി നിശ്ചയിക്കാനും വിജ്ഞാപനം ഇറക്കാനും സാധിക്കാത്തതെന്ന് ബന്ധപ്പെട്ടവർ പറയുന്നു.ഏപ്രിൽ 12 മുതൽ വിലക്കുറവ് നിലവിൽ വരുമെന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് എംആർപി അടക്കം 19 രൂപയാണു നൽകേണ്ടത്. വില നിശ്ചയിച്ച് വിജ്ഞാപനമിറങ്ങിക്കഴിഞ്ഞാൽ എംആർപിയിൽ കൂടുതൽ വില ഈടാക്കുന്നവർക്കെതിരേ ലീഗൽ മെട്രോളജി വകുപ്പിനു നടപടി സ്വീകരിക്കാനാവും.െ