മലപ്പുറം: ചേളാരിയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐഒസി) ബോട്ട്ലിംഗ് പ്ലാന്റിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു വിവിധ വകുപ്പുകളും ഏജൻസികളും നൽകിയ എല്ലാ രേഖകളും പരിശോധിക്കുമെന്നു ജില്ലാ കളക്ടർ അമിത് മീണ അറിയിച്ചു. പ്ലാന്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ജനപ്രതിനിധകളുടെയും ഉദ്യോഗസ്ഥരുടെയും പരിസരവാസികളുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ പ്ലാന്റിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും മറ്റും കൃത്രിമവും വ്യാജവുമാണെന്നു ആരോപണമുന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. പാൻറ് സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനു സർക്കാർ വകുപ്പുകളും ഏജൻസികളും നൽകിയ സർട്ടിഫിക്കറ്റുകളും രേഖകളും അടിയന്തിരമായി ലഭ്യമാക്കാൻ ഐഒസി പ്രതിനിധികൾക്കു കളക്ടർ നിർദേശം നൽകി
. പ്ലാന്റ് പ്രവർത്തിക്കുന്നതു സുരക്ഷിതമായിട്ടാണോയെന്ന കാര്യം പരിശോധിക്കുന്നതിനു വിദഗ്ധ ടീം രൂപീകരിക്കുന്ന കാര്യം പരിശോധിക്കും. ടാങ്കർ ലോറികളിൽ രണ്ടു ഡ്രൈവർമാരുണ്ടോയെന്നു ഉറപ്പു വരുത്തുന്നതിനു പോലീസിനു നിർദേശം നൽകി.
ഏതാനും ദിവസങ്ങൾക്കു മുന്‍പ് പാണന്പ്രയിലുണ്ടായ ടാങ്കർ അപടകടത്തിനു ശേഷം പരിസരവാസികൾ കടുത്ത ആശങ്കയിലാണെന്നും സാങ്കേതിക വിദഗ്ധരെ കൊണ്ടു വന്നു പ്ലാന്റിന്റെ സുരക്ഷ പരിശോധിപ്പിച്ചു ആശങ്കയകറ്റണമെന്നും യോഗത്തിൽ പങ്കെടുത്ത പി.അബ്ദുൾഹമീദ് എംഎൽഎ ആവശ്യപ്പെട്ടു.
തിരൂർ ആർഡിഒ എൻ.എം മെഹറലി, ഐഒസി പ്ലാന്റ് ജനറൽ മാനേജർ സി.എൻ രാജേന്ദ്രകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ തോമസ് ജോർജ്, മാനേജർ കെ.ലക്ഷ്മിപതി, ജില്ലാ പഞ്ചായത്ത് മെംബർമാരായ ബക്കർ ചെർണൂർ, എ.കെ.അബ്ദുറഹ്മാൻ, ജനകീയ സമിതി, ആക്ഷൻ കൗണ്‍സിൽ പ്രതിനിധികൾ പങ്കെടുത്തു.