വടകര: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ സിപിഎമ്മും ബിജെപിയും നടത്തുന്ന അക്രമങ്ങൾക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉപവാസം തുടങ്ങി. സ്വസ്ഥം വടകര എന്ന പേരിൽ കോട്ടപ്പറന്പിൽ രാവിലെ തടുങ്ങിയ ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
കെ.മുരളീധരൻ എംഎൽഎ മുഖ്യാതിഥി ആയി. ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ് സ്വാഗതം പറഞ്ഞു. അഞ്ചുവിളക്ക് ജംഗ്ഷനിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം നേതാക്കളും പ്രവർത്തകരും ജാഥയായി ഉപവാസകേന്ദ്രത്തിൽ എത്തുകയായിരുന്നു. ഉപവാസം വൈകുന്നേരം അഞ്ചു വരെ നീളും. സമാപന സമ്മേളനത്തിൽ യുഡിഎഫ് കണ്വീനർ ബെന്നിബെഹനാൻ മുഖ്യാതിഥിയാവും.
വടകര നഗരത്തിലും പരിസരത്തും വ്യാപകമായ ബോംബാക്രമണങ്ങളാണ് സിപിഎമ്മും ബിജെപിയും നടത്തിയത്. ഇരുട്ടിന്റെ മറവിൽ പരസ്പരം അക്രമം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസിന് കഴിഞ്ഞിട്ടില്ല. സർവകക്ഷി യോഗത്തിൽ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും പാടില്ലെന്നു തീരുമാനിക്കുന്പോൾ പോലും അക്രമത്തിനു കുറവില്ല.
ഭരിക്കുന്ന പാർട്ടി തന്നെ അക്രമത്തിന് നേതൃത്വം നൽകുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധവുമായി കോണ്ഗ്രസ് രംഗത്തുവന്നത്. തെരുവംപറന്പിൽ ലീഗ് ഓഫീസ് ബോംബെറിഞ്ഞു തകർത്ത സംഭവത്തിൽ പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.
വാണിമേലിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രദീപ്കുമാറിന്റെ വീട് ബോംബെറിഞ്ഞു തകർത്തിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസിനായിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്വസ്ഥം വടകരക്കു വേണ്ടിയുള്ള പരിശ്രമത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഉപവാസമെന്ന് കോണ്ഗ്രസ് വ്യക്തമാക്കി.