അസാധാരണമായ മനക്കരുത്തുള്ള അപൂര്‍വ പെണ്‍കുട്ടിയാണ് ഹനാന്‍! തളര്‍ന്നുപോവാമായിരുന്ന അവസ്ഥയില്‍ നിന്ന് ഇത്രവേഗം സുഖം പ്രാപിക്കുന്നത് അത്ഭുതമാണ്; ഹനാനെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നതിങ്ങനെ

സോഷ്യല്‍മീഡിയ പരത്തിയ തെറ്റിദ്ധാരണകള്‍ക്ക് ഇരയായി ഏറെ വേദനയും സമ്മര്‍ദവും അനുഭവിച്ച പെണ്‍കുട്ടിയാണ്, കൊച്ചിയില്‍ മീന്‍ കച്ചവടം നടത്തി പ്രശസ്തയായ ഹനാന്‍.

എടുത്തുയര്‍ത്തിയ അതേ ആളുകള്‍ മണിക്കൂറുകള്‍ക്കകം അധിക്ഷേപിച്ച പെണ്‍കുട്ടി. എന്നാല്‍ സത്യാവസ്ഥ വീണ്ടും മറനീക്കി പുറത്തു വന്നപ്പോള്‍ മനസാക്ഷിയുള്ളവര്‍ അവളോട് മാപ്പ് പറയുകയും ഒപ്പമുണ്ടാവുമെന്ന് വാക്ക് നല്‍കുകയും ചെയ്തു.

ഇതിനെല്ലാമിടയിലാണ് വാഹനാപകടത്തിന്റെ രൂപത്തില്‍ വിധി വീണ്ടും അവളോട് ക്രൂരത കാട്ടിയത്. എങ്കിലും വീഴാന്‍ അവള്‍ തയാറായില്ല എന്നു മാത്രമല്ല, ഫിനിക്‌സ് പക്ഷിയെപ്പോലെ കുതിച്ചുയരാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഹനാന്‍ എന്ന പെണ്‍കുട്ടി ഒരത്ഭുതമാണെന്നും അവളുടേതുപോലുള്ള നിശ്ചയദാര്‍ഢ്യവും മനക്കരത്തും അധികമാളുകളില്‍ കാണില്ല എന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഹാനാനെ ചികിത്സിക്കുന്ന, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. ഹാരൂണ്‍ പിള്ള.

ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് ഹനാനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഡോക്ടര്‍ വെളിപ്പെടുത്തിയത്. ഡോക്ടറുടെ വാക്കുകളിങ്ങനെ…

ഒന്നര മാസമെങ്കിലും ബെല്‍റ്റ് ഉപയോഗിക്കണമെന്നു കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. ഈ കാലയളവില്‍ നന്നായി ശ്രദ്ധിക്കണം. നട്ടെല്ലിനു പരുക്കേറ്റ ഹനാന്‍ ഭാഗ്യമുള്ള കുട്ടിയാണ്. ഇത്രവേഗം രോഗം ഭേദമാകുന്നത് അപൂര്‍വമാണ്. ഒരുപക്ഷേ തളര്‍ന്നു പോകാമായിരുന്നു. അതാണ് അടിയന്തിര ശസ്ത്രക്രിയ നിര്‍ദേശിച്ചത്. നിലവില്‍ കാലുകള്‍ നന്നായി സെന്‍സ് ചെയ്യുന്നുണ്ട്. നല്ല മനക്കരുത്തുള്ള അപൂര്‍വ പെണ്‍കുട്ടിയാണു ഹനാനെന്നും ഡോ. ഹാരൂണ്‍ പറഞ്ഞു.

തനിക്കു ചികില്‍സയും ഫിസിയോതെറാപ്പിയും മറ്റു സൗകര്യങ്ങളും ഒരുക്കിത്തന്ന ഡോക്ടറോടും ആശുപത്രിയോടും സഹായം ചെയ്ത സര്‍ക്കാരിനോടും നന്ദിയുണ്ടെന്നു ഹനാന്‍ പറഞ്ഞു. വീല്‍ചെയറിലായിരുന്നെങ്കിലും ഓണ്‍ലൈന്‍ മീന്‍ കച്ചവടത്തിനുള്ള തത്രപ്പാടിലായിരുന്നു ഹനാന്‍. മാധ്യമങ്ങളിലൂടെ തന്റെ സാഹചര്യവും ആവശ്യവും മനസ്സിലാക്കി ബാങ്കുകാര്‍ വിളിച്ചു വായ്പ നല്‍കുകയായിരുന്നു.

വണ്ടി തയാറായിട്ടുണ്ട്. സഹായിക്കാന്‍ ഡ്രൈവറുമുണ്ട്. ഫ്‌ലാറ്റുകളും മറ്റു റസിഡന്‍ഷ്യല്‍ ഏരിയയും ലക്ഷ്യമിട്ട് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ പിടിച്ച് മീന്‍ എത്തിച്ചു നല്‍കുന്നതിനാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം കൊച്ചി തമ്മനത്തും കച്ചവടം ചെയ്യണമെന്നാണ് ആഗ്രഹം. ഇവിടെ രണ്ടിടങ്ങളില്‍ രാവിലെയും വൈകിട്ടും മീന്‍ വില്‍ക്കും .ഹനാന്‍ പറഞ്ഞു.

Related posts