കൊച്ചി: താരസംഘടനയായ അമ്മയിൽനിന്നു താൻ സ്വയം രാജി വയ്ക്കുകയായിരുന്നെന്നു വ്യക്തമാക്കി നടൻ ദിലീപ് സംഘടനയ്ക്കു നൽകിയ രാജിക്കത്ത് പുറത്തുവിട്ടു. ദിലീപിൽനിന്നു രാജി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു ശരിയല്ലെന്ന സൂചന നൽകിയാണു കഴിഞ്ഞ 10ന് അമ്മ ജനറൽ സെക്രട്ടറിക്ക് അയച്ച രാജിക്കത്ത് ഫേസ്ബുക്ക് പേജിലൂടെ ദിലീപ് തന്നെ പുറത്തുവിട്ടത്.
അമ്മയുടെ ബൈലോ പ്രകാരം തന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂവെന്ന് ഉത്തമബോധ്യമുണ്ട്. പക്ഷേ തന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി ജേഷ്ഠസഹോദരനായ മോഹൻലാലുമായി വിശദമായ ചർച്ചകൾക്കുശേഷം രാജിക്കത്ത് നൽകുകയായിരുന്നു.
രാജിക്കത്ത് സ്വീകരിച്ചാൽ അതു രാജിയാണ്, പുറത്താക്കലല്ല. എക്സിക്യൂട്ടിവിനുശേഷവും രാജിക്കത്ത് പുറത്തുവിടാത്തതുകൊണ്ടാണ് ഇപ്പോൾ അമ്മയിലെ അംഗങ്ങൾക്കും പൊതുജനങ്ങൾക്കുമായി കത്ത് പങ്കുവയ്ക്കുന്നതെന്നും ദിലീപ് ഫേസ്ബുക്ക് പേജിൽ കുറിച്ചു. വിവാദം അവസാനിപ്പിക്കുന്നതിനുവേണ്ടി ഞാൻ നൽകുന്ന രാജിക്കത്തായി ഈ കത്ത് പരിഗണിക്കണമെന്നും അംഗത്വത്തിൽനിന്ന് ഒഴിവാക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു’ -എന്നിങ്ങനെയാണു കത്തിലുള്ളത്.