ബാഴ്സലോണ: നായകനും മുന്‍നിരയിലെ സൂപ്പര്‍താരവുമായ ലയണല്‍ മെസി ഇല്ലാത്ത ബാഴ്സലോണ ഇന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാനെ നേരിടും. ഗ്രൂപ്പ് ബിയില്‍ രണ്ടു മത്സരങ്ങള്‍ വീതം ഇരു ടീമും ജയിച്ച് ആറു പോയിന്റ് വീതമാണുള്ളത്. ഗോള്‍ ശരാശരിയാണ് സ്പാനിഷ് ചാമ്പ്യന്മാരെ ഒന്നാം സ്ഥാനത്തെത്തിച്ചിരിക്കുന്നത്.
ഞായറാഴ്ച നടന്ന ലാ ലിഗയില്‍ സെവിയ്യയുമായുള്ള മത്സരത്തിനിടെ എതിര്‍കളിക്കാരനുമായി കൂട്ടിയിടിച്ചു വീണാണ് മെസിയുടെ വലതു കൈ ഒടിഞ്ഞത്. മൂന്നാഴ്ചത്തെ വിശ്രമമാണ് അര്‍ജന്റൈന്‍ താരത്തിനു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ഇന്ററിനെതിരേയുള്ള മത്സരത്തിനു പുറമെ ഞായറാഴ്ച നടക്കുന്ന റയല്‍ മാഡ്രിഡിനെതിരേയുള്ള എല്ക്ലാസിക്കോയും മെസിക്കു നഷ്ടമാകും. ഇന്ററിനുമുണ്ട് പരിക്കിന്റെ വേദനകള്‍. കാല്‍ക്കുഴയ്ക്കു പരിക്കേറ്റ മധ്യനിരതാരം റാഡ്യ നിനെഗോളന് ഇന്നത്തെ മത്സരത്തില്‍ ഇറങ്ങില്ല.
ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് ഒന്നാം സ്ഥാനം നേടി നോക്കൗട്ട് ഘട്ടം ഉറപ്പാക്കാനാകും. ബാഴ്സയും ഇന്ററും ആറ് ഔദ്യോഗിക മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണത്തില്‍ ബാഴ്സയും ഒരണ്ണത്തില് ഇന്ററും ജയിച്ചു. രണ്ടു മത്സരം സമനിലയാകുകയായിരുന്നു.
ഗ്രൂപ്പ് സിയിലാണ് മറ്റൊരു പ്രധാന മത്സരം നടക്കുന്നത്. ഒന്നാം സ്ഥാനക്കാരായ നാപ്പോളി പാരി സാന്‍ ഷെര്മയിനെ പാരീസില്‍ നേരിടാന്‍ ഇറങ്ങുകയാണ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ തോല്‍വി നേരിട്ട പിഎസ്ജി മൂന്നാം സ്ഥാനത്താണ്. ഗ്രൂപ്പിൽ ലിവര്‍പൂളാണ് രണ്ടാമത്.
ഇന്നത്തെ മത്സരത്തില്‍ ജയിച്ചാലേ പാരീസ് ക്ലബ്ബിന് ഒന്നാം സ്ഥാനത്തെത്താനാകൂ. ലീഗിലെ ആദ്യ മത്സരത്തില്‍ ലിവര്‍പൂളിനോട് തോറ്റ പിഎസ്ജി രണ്ടാം മത്സരത്തില്‍ റെഡ് സ്റ്റാര്‍ ബല്ഗ്രേഡിനെതിരേ വന്‍ ജയം നേടിയിരുന്നു. ലീഗ് വണ്ണില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ടീം ഫോമിലാണ്.
സൂപ്പര്‍താരങ്ങളെല്ലാം ഫോമിലാണെന്ന കാര്യം പിഎസ്ജിക്ക് ആശ്വാസം നല്കുന്നു. സീരിഎയില്‍ രണ്ടാം സ്ഥാനത്താണെങ്കിലും നാപ്പോളി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
ഗ്രൂപ്പ് എയില്‍ ഒന്നാമതുള്ള അത്ലറ്റിക്കോ മാഡ്രിഡ് എവേ പോരാട്ടത്തില്‍ ബൊറൂസിയയെ നേരിടും.