തിരുവനന്തപുരം: സ്കൂൾ ഫുട്ബോളിൽ ഇന്ത്യയിലെ രാജാക്കന്മാരെ നിശ്ചയിക്കുന്ന സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ മാറ്റുരയ്ക്കാൻ കേരളത്തെ പ്രതിനിധീകരിച്ച് തിരുവനന്തപുരം കഠിനംകുളം സെന്റ് വിൻസെന്റ് സ്കൂളിലെ താരങ്ങൾ. ഓഖി സമ്മാനിച്ച ദുരന്തത്തിന്റെ ഭീതി വിട്ടുമാറാത്ത തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾ ഉൾപ്പെടുന്നതാണ് 14 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ മാറ്റുരയ്ക്കുന്ന കഠിനംകുളത്തെ വിദ്യാർഥികൾ.
കേരള മേഖലയിൽ നിന്നുള്ള ആയിരത്തിലധികം സ്കൂളുകളെ പിന്നിലാക്കിയാണ് ഈ കുരുന്നുകൾ ദേശീയ മീറ്റിന് അർഹത നേടിയെടുത്തത്. നാഷണൽ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത് ഏറ്റവും വലിയ അംഗീകാരമായാണ് ഇവർ കാണുന്നത്. 22 അംഗ ടീമിനൊപ്പം പരിശീലകൻ ക്ലെയോഫാസ്,കായികാധ്യാപിക പ്രസന്ന, ടീം മാനേജർ ജോബിൻ എന്നിവരുമുണ്ട്.
കാൽപന്തുകളിയിൽ മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ ശാസ്ത്രീയ പരിശീലനം നല്കാൻ തിരുവനന്തപുരം ലത്തീൻ അതിരൂപത 2015 ൽ ആരംഭിച്ച റസിഡൻഷ്യൽ ഫുട്ബോൾ അക്കാഡമിയായ ലിഫയിൽ പരിശീലനം നേടിയ താരങ്ങളാണ് ഇവർ.
അണ്ടർ 14-ൽ 22ഉം അണ്ടർ 17-ൽ 18 ഉം കുട്ടികളുമാണ് അക്കാഡമിയിലുള്ളത്. അണ്ടർ 14 കുട്ടികൾ കഠിനംകുളം സെന്റ് വിൻസെന്റ് ഹൈസ്കൂളിലും അണ്ടർ 16 കുട്ടികൾ തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് ഒരുക്കിയിരിക്കുന്നത്.
ലിഫയിൽ പരിശീലനം നടത്തി മൂന്നു വർഷത്തിനുള്ളിൽ നാലു താരങ്ങൾ ദേശീയ തലത്തിൽ എത്തി. 20 സംസ്ഥാന താരങ്ങളെയും 12 ഐ ലീഗ് താരങ്ങളെയും കേരളത്തിന് സമ്മാനിക്കുവാൻ ലിഫക്ക് സാധിച്ചു. കേരളത്തിനകത്തും പുറത്തുമായി നടന്ന 19 ദേശീയ- സംസ്ഥാന ചാംപ്യൻഷിപ്പുകളിൽ കിരീടം ഉയർത്താൻ ലിഫയ്ക്ക് സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം നടന്ന സുബ്രതോ അണ്ടർ 14 സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനമാണ് ലിഫ കാഴ്ചവച്ചത്.കലാശ പോരാട്ടത്തിൽ പരപ്പൂർ എഫ്സിയെ 1-0 ന് തോല്പിച്ചാണ് ലിഫ കിരീടം ചൂടിയത്. സെമി ഫൈനലിൽ ഐ ലീഗ് ടീമായ ഗോകുലം എഫ്സി യുടെ എംഇഎസ് സ്കൂളിനെ 2-1 പരാജയപ്പെടുത്തിയ ലിഫ കഴിഞ്ഞ ആറു ടൂർണമെന്റുകളിലായി അപരാജിതരായാണ് മുന്നോട്ടു പോകുന്നത്.
സന്തോഷ് ട്രോഫി മുൻ ക്യാപ്റ്റനായ നെൽസനാണ് ഗോൾ കീപ്പിംഗ് കോച്ചിന്റെ ചുമതല. ഫ്രെഡി ജോസ്, വിൻസെന്റ് ഡൊമിനിക് എന്നിവർ സഹ പരിശീലകരാണ്. ലിഫ ഡയറക്ടർ ഫാ. തോമസ് നെറ്റൊ, അസിസ്റ്റന്റ് ഡയറക്ടർ ക്രിസ്തുദാസ് ഫിലിപ്പ് എന്നിവരാണ് അക്കാഡമിയുടെ മാനേജ്മെന്റ് ചുമതല വഹിക്കുന്നത്. ബ്രദർ ജോബിനാണ് ടീം മാനേജർ.