ശ്രീലങ്കയുടെ മുതിർന്ന സ്പിന്നർ രെങ്കണ ഹെരാത്ത് ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഗാലെയിൽ അടുത്ത മാസാദ്യം ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റോടെ വിരമിക്കുമെന്ന് ഹെരാത് അറിയിച്ചു.
നാൽപ്പതുകാരനായ ഹെരാത് 92 ടെസ്റ്റിൽനിന്ന് 430 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 19 വർഷം മുന്‍പ് ഹെരാത് അരങ്ങേറ്റം നടത്തിയതും ഗാലെയിലായിരുന്നു. 2004ൽ ഏകദിന അരങ്ങേറ്റം നടത്തിയ ലെഗ്സ്പിന്നർ 2015ൽ ഇംഗ്ലണ്ടിനെതിരേ വെല്ലിംഗ്ടണ്‍ മത്സരത്തോടെ വിടപറഞ്ഞിരുന്നു.
ടെസ്റ്റിൽ 2.80 ആണ് ഹെരാത്തിന്റെ ഇക്കോണമി. 34 തവണ അഞ്ചോ അതിൽ കൂടുതലോ വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2014ൽ പാക്കിസ്ഥാനെതിരേ 127 റണ്‍സ് വഴങ്ങി ഒന്‍പത് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഈ വർഷം പത്ത് ഇന്നിംഗ്സിൽനിന്ന് 24 വിക്കറ്റ് സ്വന്തമാക്കിയിരുന്നു.