മുക്കം: വാട്സാപ്പിൽ വ്യാജ നമ്പർ ഉപയോഗിച്ച് ഗ്രൂപ്പുണ്ടാക്കി അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ സംസ്ഥാന സൈബർവിംഗ് മുക്കത്തെത്തി പരാതിക്കാരുടെ മൊഴിയെടുത്തു. തിരുവനന്തപുരത്തെ സൈബർ പോലീസ് സിഐ എൻ. ബിജു, എസ്ഐ രതീഷ്, സിവിൽ പോലീസ് ഓഫീസർ ബിനു എന്നിവരാണ് മുക്കം പോലീസ് സ്റ്റേഷനിലെത്തി പരാതിക്കാരായ റഫീഖ് തോട്ടുമുക്കം, ഫായിസ് എന്നിവരുടെ മൊഴിയെടുത്തത്.
മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഡിജിപിയുടെ നിർദേശപ്രകാരമാണ് സംഘം മുക്കത്തെത്തിയത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി സിഐ ബിജു പറഞ്ഞു. കാനഡയിൽ നിർമിച്ച ആപ്ലിക്കേഷൻ വഴിയാണ് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയതെന്ന് സൈബർ പോലീസിന് വിവരം ലഭിച്ചിച്ചുണ്ട്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഡിജിപി ഇന്റർപോളുമായി ബന്ധപ്പെട്ട് പ്രതികൾക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
10 മാസം മുന്പാണ് തോട്ടുമുക്കത്തെ നിരവധി യുവാക്കളെ സമൂഹ മധ്യത്തിൽ അപഹാസ്യരാക്കുന്ന വിധത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്ത സംഭവം നടക്കുന്നത്. മരണവാതിൽ, റോക്കിംഗ് ചങ്ക്സ് തുടങ്ങിയ പേരുകളിൽ തുടങ്ങിയ ഗ്രൂപ്പുകളിൽ നാട്ടിലെ നല്ല നിലയിൽ ജീവിക്കുന്ന നിരവധി യുവാക്കളെയാണ് വിദേശനമ്പറിൽ അംഗങ്ങളാക്കിയത്. ഇവരുടെ നമ്പർ യഥാർഥമല്ലെങ്കിലും പ്രൊഫൈൽ ഫോട്ടോ വച്ചായിരുന്നു സന്ദേശങ്ങൾ അയച്ചിരുന്നത്.
നാട്ടിലെയും കുടുംബത്തിലെയും പലർക്കും ഇത്തരത്തിൽ അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് വാട്സാപ്പ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്താണ് സന്ദേശങ്ങൾ അയക്കുന്നതെന്ന് മനസിലായത്. ഇതോടെ ഇവർ മുക്കം പോലീസിൽ പരാതി നൽകുകയായിരുന്നു. സന്ദേശങ്ങൾ കണ്ട് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് അടിച്ചു പോയവരെ വീണ്ടും ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയും ഇവരുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഗ്രൂപ്പിൽ അയയ്ക്കുകയും ചെയ്തിരുന്നു.