പൂച്ചാക്കൽ: വിനോദസഞ്ചാരികളെയും യാത്രക്കാരെയും ഒരേപോലെ പ്രതീക്ഷിച്ച് വേന്പനാട്ടുകായലിലൂടെ വൈക്കത്തുനിന്നും എറണാകുളത്തേക്ക് അതിവേഗ (സൂപ്പർഫാസ്റ്റ് )ബോട്ട് സർവീസ് ആരംഭിക്കുന്നു. തുറമുഖ വകുപ്പിന്റെ അന്തിമ അനുമതിയും രജിസ്ട്രേഷൻ നടപടികളും പുരോഗമിക്കുന്നു. വൈക്കം എറണാകുളം റൂട്ടിൽ ബോട്ടിലെ വേഗതാ പരിശോധന അടക്കമുള്ള നടപടികൾ പൂർത്തീകരിച്ചു. അടുത്ത ആഴ്ച ബോട്ട് സർവീസ് തുടങ്ങാനാകുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായർ അറിയിച്ചു.
120 പേർക്ക് യാത്ര ചെയ്യാവുന്ന ഇരുനില ബോട്ടിൽ 50 പേർക്ക് ഇരിക്കാവുന്ന താഴത്തെ നില പൂർണമായും ശീതീകരിച്ചതായിരിക്കും. വൈക്കം ബോട്ട് സ്റ്റേഷനിൽ നിന്നും ആരംഭിച്ച് എറണാകുളം ബോട്ട് ജെട്ടിയിൽ അവസാനിക്കുന്ന തരത്തിലാണ് സർവീസ് ക്രമപ്പെടുത്തിയിരിക്കുന്നത്.
വൈക്കത്തുനിന്ന് ഒരു മണിക്കൂർ കൊണ്ട് എറണാകുളത്ത് എത്തുന്ന തരത്തിലാണ് സർവീസ് നടത്തുക. വൈക്കം, ചെമ്മനാകരി, പൂച്ചാക്കൽ, തവണക്കടവ്, പള്ളിപ്പുറം തുടങ്ങിയ പ്രദേശത്തുള്ളവർ കരമാർഗം എറണാകുളത്ത് എത്തണമെങ്കിൽ രണ്ട് മണിക്കൂർ വേണ്ടിവരും. റോഡിലെ കുണ്ടും കുഴിയിൽ നിന്നും ഗതാഗതക്കുരുക്കിൽപ്പെടാതെയും എറണാകുളത്ത് എത്താനുള്ള എളുപ്പമാർഗമാകും ഇത്.
പൂച്ചാക്കൽ അരൂക്കുറ്റി വഴി എറണാകുളത്തേക്ക് പോകാനുള്ള പാതയാണ് അധികൃതർ ആദ്യം പരിഗണിക്കുന്നത്. തവണക്കടവ്, പാണാവള്ളി, പെരുന്പളം തുടങ്ങിയ സ്ഥലങ്ങളിൽ സ്റ്റോപ്പ് വേണം എന്ന ശിപാർശയുമായി ജനപ്രിതിനിധികൾ രംഗത്തുണ്ട്. അന്തിമ തീരുമാനം ആയിട്ടില്ല.
അതിവേഗ ബോട്ട് സർവീസ് ആയതിനാൽ കുടുതൽ സ്റ്റോപ്പുകൾ ഉണ്ടാകില്ലാ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാവിലെയും വൈകുന്നേരവും ഓരോ സർവീസുകൾ മാത്രമേ ഇപ്പോൾ ഉണ്ടാകുകയുള്ളൂ. യാത്രാ നിരക്കുകളെക്കുറിച്ച് ഇപ്പോൾ തീരുമാനം ആയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. എറണാകുളത്ത് ജോലി ചെയ്യുന്നവർക്കും വിദ്യാർഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമപ്പെടുത്തുക.
സംസ്ഥാന ഗതാഗത വകുപ്പിന്റെ പദ്ധതിയിൽപ്പെടുത്തി ഒന്നരക്കോടി രൂപ ചെലവിട്ട് അരൂരിലെ യാർഡിലാണ് ബോട്ടിന്റെ നിർമാണം പൂർത്തീകരിച്ചത്. ബോട്ടിന് ഏഴര മീറ്റർ വീതിയും 22 മീറ്റർ നീളവും ഉണ്ട്. ടിവിയും മ്യൂസിക് സിസ്റ്റം ഉൾപ്പെടെയുള്ള സംവിധാനങ്ങളോടുംകൂടിയാണ് ബോട്ട് സർവീസ് നടത്തുന്നത്.