സുൽത്താൻ ബത്തേരി: 26 കിലോ ചന്ദനവുമായി മൂന്നംഗ സംഘത്തെ വനം വകുപ്പ് ഫ്ളൈയിംഗ് സ്ക്വാഡ് പിടികൂടി. പുത്തൻകുന്ന് കൊട്ടംകുനി കോളനി ബേബി(41), പുത്തൻകുന്ന് ചിറ്റൂർ സിനു (34), നികുന്ന് തേനമാക്കിൽ സന്തോഷ്(46) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 26.500 കിലോ ചന്ദനം പിടികൂടി. ചന്ദനം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും ഇവർക്ക് എസ്കോർട്ടായെത്തിയ ഒരു സ്കൂട്ടിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി എട്ടോടെ ബത്തേരി-മാനന്തവാടി റൂട്ടിൽ മന്ദംകൊല്ലിയിൽ വെച്ചാണ് ചന്ദനവുമായി മൂന്നു പേരെയും പിടികൂടിയത്. ഫ്ളൈയിംഗ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. വ്യത്യസ്ത വലിപ്പത്തിൽ 14 ഉരുളൻ കഷ്ണങ്ങളാക്കി ചന്ദനം ഓട്ടോറിക്ഷയിലാണ് സൂക്ഷിച്ചിരുന്നത്.
മുത്തങ്ങ റേഞ്ചിലെ തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപെടുന്ന സ്വകാര്യ സ്ഥലത്തു നിന്നുമാണ് ചന്ദനം മുറിച്ചെതെന്ന് ചോദ്യം ചെയ്യലിൽ പിടിയിലായവർ പറഞ്ഞു. എന്നാൾ തെളിവെടുപ്പു നടത്തിയതിനു ശേഷമേ ഇതിൽ വ്യക്തത വരുവെന്നും ഫ്ളൈയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം. പദ്മനാഭൻ പറഞ്ഞു.
ഇന്ന് രാവിലെ തന്നെ തെളിവെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തോടൊപ്പം ഫ്ളൈയിംഗ് സ്ക്വാഡ് എസ്എഫ്ഒ എ.എസ്. രാജൻ, ബിഎഫ്ഒമാരായ ബി.പി. രാജു, എ.പി. സജി പ്രസാദ്, കെ.കെ. ചന്ദ്രൻ, ഡ്രൈവർ ആർ. സജികുമാർ, ബത്തേരി റേഞ്ചിലെ എസ്എഫ്ഒഎസ് കെ. സനിൽ, ബിഎഫ്ഒ കെ.പി. സന്തോഷ് എന്നിവരുമുണ്ടായിരുന്നു.