പോൾ മാത്യു
തൃശൂർ: ലൈംഗിക അതിക്രമം വർധിച്ച സാഹചര്യത്തിൽ സ്ത്രീകൾ ജോലി ചെയ്യുന്ന ഓഫീസുകളിൽ ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി രൂപീകരിക്കണമെന്ന നിയമം കേന്ദ്ര സർക്കാർ പാസാക്കിയിട്ട് അഞ്ചു വർഷം. പത്തിൽ കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന സർക്കാർ ഓഫീസുകളിലും സഹകരണ സ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലുമൊക്കെ നിർബന്ധമായി നടപ്പാക്കണമെന്ന് നിർദേശിച്ചാണ് കേന്ദ്രസർക്കാർ “സെക്്ഷ്വൽ ഹറാസ്മെന്റ് ഓഫ് വിമൻ അറ്റ് വർക്ക് പ്ലേയ്സ്’ എന്ന നിയമം പാസാക്കിയത്.
2013 ഡിസംബർ ഒന്പതിനാണ് നിയമം പ്രാബല്യത്തിൽ വന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നിയമം നടപ്പാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശവും നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്ത് ബഹുഭൂരിപക്ഷം സർക്കാർ ഓഫീസുകളിലും ഇനിയും ഈ നിയമം നടപ്പാക്കിയിട്ടില്ല.
ലൈംഗിക കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയിട്ടും ഒട്ടു മിക്ക സർക്കാർ ഓഫീസുകളിലും കമ്മിറ്റി രൂപീകരിക്കണമെന്ന കർശന നിർദേശം സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. ഈ നിയമം നടപ്പാക്കിയില്ലെങ്കിൽ അന്പതിനായിരം രൂപ പിഴയീടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. പക്ഷേ ഇത്തരം നിയമത്തെക്കുറിച്ചോ നടപ്പാക്കുന്ന രീതിയെക്കുറിച്ചോ ഉന്നത ഉദ്യോഗസ്ഥർ പോലും അജ്ഞരാണെന്നതാണ് വിരോധാഭാസം.
സംസ്ഥാനത്ത് സാമൂഹ്യക്ഷേമ വകുപ്പിനാണ് ഈ നിയമം നടപ്പാക്കുന്നതിനുള്ള ചുമതല. എന്നാൽ ഈ വകുപ്പിലെ പല ഓഫീസുകളിലും നിയമം നടപ്പാക്കിയിട്ടില്ല. അപൂർവം ചില സർക്കാർ സ്ഥാപനങ്ങളിൽ മാത്രമാണ് ഈ നിയമം നടപ്പാക്കിയത്. അടുത്തിടെ ലൈംഗിക കേസുകൾ വർധിച്ചതോടെയാണ് ഇത്തരത്തിലൊരു നിയമത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥർ പൊടിതട്ടി എടുക്കുന്നതു തന്നെ.
വ്യവസ്ഥകൾ വ്യക്തമായി അറിയാത്തതിനാൽ പല ഓഫീസുകളിലും നടപ്പാക്കിയതാകട്ടെ ചട്ടങ്ങൾ പാലിക്കാതെയുമാണെന്നു പറയുന്നു. നിരവധി ജീവനക്കാരികളുള്ള സെക്രട്ടേറിയറ്റിലും കളക്ടറേറ്റുകളിലും എസ്പി, കമ്മീഷണർ ഓഫീസുകളിൽ പോലും നിയമം ചട്ടങ്ങൾ പാലിച്ച് നടപ്പാക്കാൻ ആരും തയാറായിട്ടില്ല.
കമ്മിറ്റി രൂപീകരിക്കാനുള്ള നിർദേശത്തിൽ പോരായ്മയുണ്ടെന്നാണ് ആരോപണം. നിയമത്തിൽ പോരായ്മയുള്ളതിനാലാണ് സംസ്ഥാന സർക്കാർ ഈ നിയമം കർശനമായി പാലിക്കാൻ നിർദേശം നൽകാത്തതെന്നാണ് വിശദീകരണം. ചെയർപേഴ്സൺ പുറമെനിന്നുള്ള ആളാകണമെന്നാണ് സ്ത്രീ സംഘടനകൾ നിർദേശിക്കുന്നത്. എന്നാൽ മാത്രമേ പരാതി പറയാൻ ജീവനക്കാർ തയാറാകൂവെന്നാണ് ഒരു വാദം.
പത്തിൽ കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലടക്കം പരാതികൾ പരിശോധിക്കാൻ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കണമെന്നാണ് നിയമത്തിൽ നിർദേശിച്ചിരിക്കുന്നത്.