ജോമി കുര്യാക്കോസ്
കോട്ടയം: മായംകലർന്ന ഭക്ഷ്യസാധനങ്ങൾ വിറ്റഴിച്ചതിനു ഭക്ഷ്യ സുരക്ഷാ വിഭാഗം ഈവർഷം സംസ്ഥാനത്ത് ഈടാക്കിയ പിഴ തുക കാൽ കോടിയിലധികം. ഒന്പത് ജില്ലകളിൽനിന്നാണു 25.46 ലക്ഷം രൂപ പിഴ ഈടാക്കിയത്. കോഴിക്കോട് ജില്ലയിലാണു പിഴത്തുക ഏറ്റവും കൂടുതൽ. വയനാട്ടിൽനിന്നാവട്ടെ പിഴയായി ഒരു രൂപ പോലും ഈടാക്കിയിട്ടുമില്ല.
ഭക്ഷണത്തിലെ മായം പെരുകുന്പോഴും പരിശോധിക്കാൻ സാധാരണക്കാരനു തടസം നിൽക്കുന്നത് അമിത ഫീസാണ്. ഭക്ഷണ സാധനങ്ങളിലെ മായം പരിശോധിക്കാൻ ജിഎസ്ടി അടക്കം 2018 രൂപയാണ് ഫീസ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ റീജിയണൽ അനലറ്റിക്കൽ ലാബുകളിലാണ് ഭക്ഷ്യസാധനങ്ങൾ പരിശോധിക്കാൻ സൗകര്യമുള്ളത്.
ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിക്കുന്ന സാന്പിളുകൾ സൗജന്യമായി പരിശോധിക്കുമെങ്കിലും പൊതുജനങ്ങൾക്ക് ഫീസ് നൽകണം. വെളിച്ചെണ്ണയെങ്കിൽ 400 ഗ്രാമും ഭക്ഷ്യധാന്യപൊടികളാണെങ്കിൽ പരിശോധനയ്ക്കു കുറഞ്ഞത് അരക്കിലോയും വേണം. 1710 രൂപയും 18 ശതമാനം ജിഎസ്ടിയും അടക്കം 2018 രൂപയാണ് ഫീസ്.
2018 ജനുവരി ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ മൂന്ന് ലാബുകളിൽ പരിശോധിച്ച 500 ലേറെ ഭക്ഷ്യോത്പന്നങ്ങളിൽനിന്നു മായം കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷവിഭാഗം പറയുന്നു. കോഴിക്കോട്: 7.89 ലക്ഷം, തിരുവനന്തപുരം: 7.30 ലക്ഷം, പത്തനംതിട്ട: 2.75 ലക്ഷം, കോട്ടയം: 2.33 ലക്ഷം, മലപ്പുറം: 1.98 ലക്ഷം, ഇടുക്കി: 1.68 ലക്ഷം, എറണാകുളം: 1.31 ലക്ഷം, പാലക്കാട്: 22,000 രൂപയും പിഴയായി ഈടാക്കി.