സ്വന്തം ലേഖകൻ
തൃശൂർ: ഒടിഞ്ഞ കാൽ ചികിത്സക്കാനെത്തിയ വെറ്ററിനറി ഡോക്ടർമാർക്ക് പിടികൊടുക്കാതെ കാളക്കൂറ്റൻ ഏറെ നേരം ഒടിഞ്ഞകാലുമായി തേക്കിൻകാട് മൈതാനം ചുറ്റി. ഒടുവിൽ ഫയർഫോഴ്സെത്തി കാളക്കൂറ്റനു പിന്നാലെ ഓടി ഏറെ പാടുപെട്ട് വടമിട്ട് കാളക്കൂറ്റനെ കുരുക്കി. ഇന്നുരാവിലെ തൃശൂർ സ്വരാജ് റൗണ്ടിൽ ജോസ് തീയറ്ററിനു സമീപമാണ് രണ്ടുവയസുള്ള കാളക്കൂറ്റൻ ഒടിഞ്ഞ കാലുമായി കിടന്നിരുന്നത്. കാളക്കൂറ്റനു സമീപം മറ്റു രണ്ടു കന്നുകാലികൾ കൂട്ടുനിന്നിരുന്നു.
രണ്ടു ദിവസം മുന്പ് നഗരത്തിലെ സ്ലാബിനകത്ത് വീണാണ് കാളക്കൂറ്റന്റെ കാലൊടിഞ്ഞത്. ഒടിഞ്ഞ കാലുമായി നഗരത്തിൽ അലയുകയായിരുന്ന കാളക്കൂറ്റൻ ഇന്നുരാവിലെ നഗരത്തിൽ ജോസ് തീയറ്ററിനു സമീപം കിടക്കുന്ന വിവരം ഓട്ടോഡ്രൈവർ ബിനീഷിന്റെ ശ്രദ്ധയിൽ പെടുകയും ബിനീഷ് ഇക്കാര്യം കോർപറേഷൻ ഹെൽത്ത് ഡിപ്പാർട്ടുമെന്റിനെ അറിയിക്കുകയും ചെയ്തു. കൂർക്കഞ്ചേരി അറവുശാലയിലെ വെറ്ററിനറി ഡോക്ടർ വന്ന് പരിശോധിച്ചപ്പോഴാണ് കാൽ ഒടിഞ്ഞതായി കണ്ടെത്തിയത്.
കാളക്കൂറ്റനെ മയക്കി ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. എന്നാൽ മയക്കാനുള്ള മരുന്ന് കിട്ടാനുണ്ടായിരുന്നില്ല. ബിനീഷും മറ്റും വെറ്ററിനറി മരുന്നുകൾ വിൽക്കുന്ന മെഡിക്കൽ ഷോപ്പുകളിൽ പോയെങ്കിലും ഇത് കിട്ടിയില്ല. തുടർന്ന് ബിനീഷ് കൊക്കാലെയിലെ വെറ്ററിനറി ആശുപത്രിയിലെത്തിലും പോസ് എന്ന സംഘടനയിലും പറവട്ടാനി വെറ്ററനറി സെന്ററിലും വിവരമറിയിച്ചതിനെ തുടർന്ന് വെറ്ററിനറി ഡോക്ടർമാർ സ്ഥലത്തെത്തി.
ചീഫ് വെറ്ററിനറി ഓഫീസർ ഡോ.പി.കെ.സോജിയുടെ നേതൃത്വത്തിൽ ഡോ.പി.ബി.ഗിരിദാസ്, സീനിയർ വെറ്ററിനറി സർജൻ ഡോ.പി.വേണുഗോപാൽ, എസ്പിസിഎ ഇൻസ്പെക്ടർ അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സക്കെത്തിയത്. തുടർന്ന് കാളക്കൂറ്റനെ പതിയെ തിരക്കേറിയ സ്വരാജ് റൗണ്ടിൽ നിന്നും തേക്കിൻകാട് മൈതാനത്തിനകത്തേക്ക് കയറ്റി. എന്നാൽ ഇതിനിടെ കാളക്കൂറ്റൻ മൈതാനത്തിനകത്ത് ഓടാൻ തുടങ്ങി.
ഡോക്ടർമാർക്കും മൈതാനത്തുണ്ടായിരുന്നവർക്കും കാളക്കൂറ്റനെ പിടികൂടാൻ സാധിക്കാതെ വന്നതോടെ സഹായത്തിനായി ഫയർഫോഴ്സിനെ വിളിച്ചു. തൃശൂർ ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എ.എൽ.ലാസറിന്റെ നേതൃത്വത്തിൽ ലീഡിംഗ് ഫയർമാൻ അനിൽകുമാർ, ഫയർമാൻമാരായ കെ.എസ്.നവീൻ, ഫൈസൽ, രാജേഷ്, ഡ്രൈവർ നന്ദകുമാർ എന്നിവരെത്തി വലിയ വടം ഉപയോഗിച്ച് കാളക്കൂറ്റനെ പിടികൂടാൻ ശ്രമിച്ചു.
എന്നാൽ ആർക്കും പിടിതരാതെ തേക്കിൻകാട് മൈതാനത്ത് ഓടിനടന്ന കാളക്കൂറ്റനെ പത്തുമിനുറ്റിനുള്ളിൽ ഇവർ വലിയ വടമിട്ട് കുരുക്കി പിടികൂടി.തുടർന്ന് ഡോക്ടർമാർ കാളക്കൂറ്റനെ മയക്കി ആംബുലൻസിൽ പറവട്ടാനിയിലെ വെറ്ററിനറി സെന്ററിലേക്ക് കൊണ്ടുപോയി. ശസ്ത്രക്രിയ നടത്തിയ ശേഷം രണ്ടു ദിവസത്തിനു ശേഷം കാളക്കൂറ്റനെ വിട്ടയക്കാനാണ് പദ്ധതി.