ഭക്ഷണശാലയിൽ രണ്ടുകുപ്പി വെള്ളം വാങ്ങിയയാൾ ജീവനക്കാരിക്ക് ടിപ്പായി നൽകിയത് പതിനായിരം ഡോളർ (ഏഴരലക്ഷം രൂപ). നോർത്ത് കരോലീനയിലെ ഗ്രീൻ വില്ലയിൽ പ്രവർത്തിക്കുന്ന സപ്പ് ഡോഗ് എന്ന റസ്റ്റൊറന്റിലാണ് ഏറെ ആശ്ചര്യകരമായ സംഭവം നടന്നത്. അലൈന കസ്റ്റർ എന്ന ജീവനക്കാരിക്കാണ് ഇത്രെയും ഭീമമായ തുക ടിപ്പായി ലഭിച്ചത്.
മിസ്റ്റർ ബീസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബ് താരമായിരുന്നു ഈ തുക ഇവർക്കു നൽകിയത്. യൂട്യൂബിൽ 8.9 മില്യണ്‍ സബസ്ക്രൈബ് ഉള്ളയാളാണ് ഇദ്ദേഹം. ടിപ്പായി ലഭിച്ച പണം എടുത്തപ്പോൾ അത് ഇത്രയും ഭീമമായ തുകയായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നുവെന്നാണ് അലൈന പറയുന്നത്. എന്നെ ആരോ കബളിപ്പിക്കുന്നതായിരിക്കുമെന്നാണ് ഞാൻ കരുതിയതെന്നും അലൈന പറഞ്ഞു.
പണം നൽകിയതിനു ശേഷം റെസ്റ്റൊറന്റിനുള്ളിൽ നിന്നും പുറത്തേക്കു പോയ ഇദ്ദേഹം അലൈനയുടെ മുഖത്തെ ഭാവം പകർത്തുവാൻ രണ്ടു പേരെ നിയോഗിച്ചിരുന്നു. പിന്നീട് റസ്റ്റൊറന്റിലേക്കു മടങ്ങി വന്ന അദ്ദേഹം അലൈനയുടെയും മറ്റു ജീവനക്കാരുടെയും കൂടെ അൽപ്പസമയം ചിലവഴിച്ചു.
പഠനം പൂർത്തിയാക്കുവാൻ സാധിക്കാത്ത കോളജ് വിദ്യാർഥികളാണ് സപ് ഡോഗ്സിലെ ജീവനക്കാർ ഭൂരിഭാഗം പേരുമെന്ന് പറഞ്ഞ അലൈന ഈ തുക എല്ലാവരുമായി പങ്കുവച്ചെടുക്കുമെന്നും അറിയിച്ചു.