ചാത്തന്നൂർ: ശബരിമല വിഷയത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന മൃതു ഹിന്ദുത്വ സമീപനം ബിജെപിയ്ക്കുളള പാതയൊരുക്കുമെന്നും കോൺഗ്രസ് ദുർബലമാകണമെന്ന് സിപിഎം ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.രാജീവ് .ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചാത്തന്നൂർ ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികളുടെ വിശ്വാസം വർഗ്ഗീയ വാദമല്ല.വർഗീയ വാദികൾ വിശ്വാസത്തെ പിടച്ചടക്കി തന്റെ അധികാരത്തിലേക്കുളള ആയുധമാക്കി മാറ്റുകയാണ്.സിപിഎം ദുർബലമാകുന്പോഴെല്ലാം അവിടെ വർഗീയ ശക്തികൾ വളരുന്നു.
കേരളത്തിലെ മതനിരപേക്ഷകതയും ജനാധിപത്യ ബോധവും കാത്തു സൂക്ഷിക്കുന്നതിനും ഇടതുപക്ഷത്തിന്റെ മൂല്യവും സാംസ്കാരിക അടിത്തറ സംരക്ഷിക്കുന്നതിനും ഡി.വൈ.എഫ്.ഐ പോലുളള പ്രസ്ഥാനങ്ങൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവർത്തിക്കണം.
ആർഎസ്എസ് ക്ഷേത്രങ്ങളിൽ ഭാഗവത സപ്താഹങ്ങളും പ്രഭാഷണങ്ങളും നടത്തി വിശ്വാസത്തെ ബോധപൂർവം വർഗീയതയിലേക്ക് നയിക്കുകയാണ്. ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റാൻ അവർ ശ്രമിക്കുന്നതിന്റെ പശ്ചാത്തലും ഇത് തന്നെയാണെന്നും പി.രാജീവ് പറഞ്ഞു.ഡിവൈഎഫ് ജില്ലാ പ്രസിഡന്റ് ശ്യാംമോഹൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി അരുൺബാബു, കെ.എൻ.ബാലഗോപാൽ,കെ.സേതുമാധവൻ,ബി.തുളസീധരക്കുറുപ്പ്,എസ്.പ്രകാശ്,കെ.പി.കുറുപ്പ്,ഡി.വൈ.എഫ്.ഐ നേതാക്കളായ ആർ.ബിജു,ചിന്താജെറോം,ആർ.രാജേഷ് എന്നിവർ പ്രസംഗിച്ചു.