മുക്കം: കൃഷി നഷ്ടമാണെന്ന് പറയുന്നവരോട് കാരശേരി പാറത്തോട് സ്വദേശി ജോയ് കിഴക്കേമുറിയെന്ന കർഷകന് പറയാനുള്ളത് കൃഷി ഒരു മാനസികോല്ലാസം കൂടിയെന്നാണ്. എട്ട് ഏക്കറോളം സ്ഥലത്ത് വിവിധ കൃഷികൾ ചെയ്ത് വിജയം വരിച്ചിരിക്കുകയാണ് ഈ കർഷകൻ.
തക്കാളി, പാവക്ക, വഴുതിന, പച്ചമുളക്, കാന്താരി, വെണ്ട തുടങ്ങി വീട്ടിലേക്കാവശ്യമായ മുഴുവൻ പച്ചക്കറികളും ജോയ് ഇവിടെ കൃഷി ചെയ്യുന്നുണ്ട്. തങ്ങളുടെ ആവശ്യത്തിന് മാത്രമല്ല ബന്ധുക്കൾക്കും അയൽവാസികൾക്കും ആവശ്യത്തിന് നൽകാനുള്ളതും ഇവിടെ വിളയുന്നുണ്ട്.
ഭാര്യ ലീലാമ്മയുടെ സഹായത്തോടെ ആട്, പശു, കോഴി, താറാവ്, മത്സ്യം എന്നിവയും കമുക്, ജാതി, റബർ, കൊക്കോ, കുരുമുളക്, കാപ്പി, തെങ്ങ്, കപ്പ തുടങ്ങിയവയും ഈ ഭൂമിയിൽ തഴച്ച് വളരുന്നുണ്ട്. ജൈവകൃഷിയിൽ തന്റേതായ രീതി പിൻതുടരാനാണ് ജോയിക്ക് താത്പര്യം.
അത് കൊണ്ട് തന്നെ പറമ്പിലെ കുളത്തിൽ വളർത്തുന്ന രോഹു, കടല, മുഗാൻ തുടങ്ങിയ മത്സ്യങ്ങൾക്ക് തന്റെ പറമ്പിലെ പച്ചിലകൾ തന്നെയാണ് തീറ്റയായി നൽകുന്നത്. ഈ കുളത്തിലെ വെള്ളം ജലസേചനത്തിനും ഉപയോഗിക്കുന്നു. കോഴികളെയും താറാവിനെയും കൂട്ടിലിട്ട് വളർത്താനും ഇയാൾ ഒരുക്കമല്ല.
ഇങ്ങനെ വളർത്തിയാൽ മുട്ടയ്ക്കും മാംസത്തിനും രുചിയും ഗുണവുമുണ്ടാവില്ലന്ന് ഇദ്ദേഹം പറയുന്നു. വയനാട് സ്വദേശി മണിയാണ് ജോയിയുടെ പ്രധാന സഹായി. 18 വർഷം മുൻപ് ജോയിക്കൊപ്പം ചേർന്ന മണിയുടെ എല്ലാം ഈ വീടും വീട്ടുകാരുമാണ്. ഉത്പാദിപ്പിക്കുന്ന വിത്തുകളും തൈകളുമെല്ലാം ആവശ്യക്കാർക്ക് നൽകാനും ഇയാൾ തയ്യാറാണ്. ഫോൺ: 953983 1456.