വിരാട് കോഹ്ലിയെ പിടിച്ചുകെട്ടുക അസാധ്യമാണെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. ലോക ക്രിക്കറ്റിൽ അസാമാന്യ പ്രകടനവുമായി മുന്നേറുന്ന ലോക ഒന്നാം നന്പർ ബാറ്റ്സ്മാനായ ഇന്ത്യൻ ക്യാപ്റ്റന്റെ മുന്നിൽ റിക്കാർഡുകൾ ഓരോന്നായി കടപുഴകുന്നു. ഇന്നലെ മാത്രം മൂന്ന് റിക്കാർഡുകളാണ് കോഹ്ലി സ്വന്തം പേരിൽ ചേർത്തത്.
01
ഇരുപത്തൊന്‍പതുകാരനായ കോഹ്ലി ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 10,000 റണ്‍സ് എന്ന റിക്കാർഡ് ഇന്നലെ സ്വന്തമാക്കി. സച്ചിന്റെ പേരിലായിരുന്നു ഈ റിക്കാർഡ്.
2001 മാർച്ച് 31ന് ഓസ്ട്രേലിയയ്ക്കെതിരായ ഇൻഡോർ ഏകദിനത്തിലാണു സച്ചിൻ 10,000 റണ്‍സ് എന്ന ചരിത്രം കുറിച്ചത്. ഏകദിനത്തിൽ 10,000 റണ്‍സ് കടക്കുന്ന ആദ്യ താരമായി അന്ന് സച്ചിൻ. 28-ാം ജന്മദിനത്തിന് 24 ദിവസം മുന്‍പ് 259-ാം ഇന്നിംഗ്സിൽനിന്നായിരുന്നു സച്ചിൻ ആ നേട്ടം സ്വന്തമാക്കിയത്. 17 വർഷങ്ങൾക്കിപ്പുറം തന്റെ 29-ാം വയസിൽ കോഹ്ലി, സച്ചിന്റെ റിക്കാർഡ് മറികടന്നു. 205-ാം ഇന്നിംഗ്സിൽനിന്നാണു കോഹ്ലി പതിനായിരം റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടത്. ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത് ഇന്ത്യൻ താരമാണ്, ലോകത്തിലെ 13-ാമനും.
02
വെസ്റ്റ് ഇൻഡീസിനെതിരേ ഏറ്റവും അധികം റണ്‍സ് നേടുന്ന ഇന്ത്യക്കാരൻ എന്ന റിക്കാർഡും ഇന്നലെ ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കി. സച്ചിന്റെ പേരിലായിരുന്ന 1573 റണ്‍സ് ആയിരുന്നു ഇതുവരെയുള്ള റിക്കാർഡ്. രണ്ടാം ഏകദിനത്തിൽ 48 റണ്‍സിലെത്തിയപ്പോൾ കോഹ്ലി ആ റിക്കാർഡ് സ്വന്തം പേരിലേക്ക് ചേർത്തു. ഇന്ത്യൻ ഇന്നിംഗ്സിന്റെ 24-ാം ഓവറിലായിരുന്നു അത്.
03
കലണ്ടർ വർഷത്തിൽ വേഗത്തിൽ 1,000 റണ്‍സ് എന്ന റിക്കാർഡും ഇന്നലെ കോഹ്ലി കരസ്ഥമാക്കി. 37-ാം ഏകദിന സെഞ്ചുറി നേടിയ കോഹ്ലി 111ൽ നിൽക്കുന്പോഴാണ് ഈ കലണ്ടർ വർഷത്തിൽ 1000 റണ്‍സ് പൂർത്തിയാക്കിയത്. 11-ാം ഇന്നിംഗ്സിലായിരുന്നു ഈ നേട്ടം. ദക്ഷിണാഫ്രിക്കയുടെ ഹഷിം അംല 2010ൽ 15-ാം ഇന്നിംഗ്സിൽ 1000 പൂർത്തിയാക്കിയതായിരുന്നു ഇതുവരെയുണ്ടായിരുന്ന റിക്കാർഡ്. ഡേവിഡ് ഗവർ 1983ൽ കുറിച്ച 17 ഇന്നിംഗ്സ് എന്ന റിക്കാർഡായിരുന്നു അംല മറികടന്നത്.
വേഗത്തിൽ ഏകദിന 10,000 റൺസ്
വിരാട് കോഹ്ലി 205 ഇന്നിംഗ്സ്
സച്ചിൻ തെണ്ടുൽക്കർ 259 ഇന്നിംഗ്സ്
സൗരവ് ഗാംഗുലി 263 ഇന്നിംഗ്സ്
റിക്കി പോണ്ടിംഗ് 266 ഇന്നിംഗ്സ്
ജാക് കാലിസ് 272 ഇന്നിംഗ്സ്
എം.എസ്. ധോണി 273 ഇന്നിംഗ്സ്
ഏകദിനത്തിൽ 10,000 കടന്നവർ
താരം, രാജ്യം, മത്സരം, റണ്‍സ്
സച്ചിൻ തെണ്ടുൽക്കർ ഇന്ത്യ 463 18,426
കുമാർ സംഗക്കാര ശ്രീലങ്ക 404 14,234
റിക്കി പോണ്ടിംഗ് ഓസ്ട്രേലിയ 375 13,704
സനത് ജയസൂര്യ ശ്രീലങ്ക 445 13,430
മഹേല ജയവർധന ശ്രീലങ്ക 448 12,650
ഇൻസമാം ഉൾ ഹഖ് പാക്കിസ്ഥാൻ 378 11,739
ജാക് കാലിസ് ദക്ഷിണാഫ്രിക്ക 328 11,579
സൗരവ് ഗാംഗുലി ഇന്ത്യ 311 11,363
രാഹുൽ ദ്രാവിഡ് ഇന്ത്യ 344 10,889
ബ്രയാൻ ലാറ വെസ്റ്റ് ഇൻഡീസ് 299 10,405
തിലകരത്ന ദിൽഷൻ ശ്രീലങ്ക 330 10,290
എം.എസ്. ധോണി ഇന്ത്യ 324 10,123
വിരാട് കോഹ്ലി ഇന്ത്യ 213 10,076
കോഹ് ലി @ 2018
112 ദക്ഷിണാഫ്രിക്ക, ഡർബൻ ഫെബ്രുവരി 01
46* ദക്ഷിണാഫ്രിക്ക, സെഞ്ചൂറിയൻ ഫെബ്രുവരി 04
160* ദക്ഷിണാഫ്രിക്ക, കേപ് ടൗണ്‍ ഫെബ്രുവരി 07
75 ദക്ഷിണാഫ്രിക്ക, ജൊഹാന്നസ്ബർഗ്, ഫെബ്രുവരി 10
36 ദക്ഷിണാഫ്രിക്ക, പോർട്ട്എലിസബത്ത്, ഫെബ്രുവരി 13
129* ദക്ഷിണാഫ്രിക്ക, സെഞ്ചൂറിയൻ ഫെബ്രുവരി 16
75 ഇംഗ്ലണ്ട്, നോട്ടിങാം ജൂലൈ 12
45 ഇംഗ്ലണ്ട്, ലോഡ്സ് ജൂലൈ 14
71 ഇംഗ്ലണ്ട്, ലീഡ്സ് ജൂലൈ 17
140 വെസ്റ്റ് ഇൻഡീസ്, ഗുവാഹത്തി ഒക്ടോബർ 21
157* വെസ്റ്റ് ഇൻഡീസ്, വിശാഖപട്ടണം ഒക്ടോബർ 24
മത്സരം 11, ഇന്നിംഗ്സ് 11, റണ്‍സ് 1046, ശരാശരി 149.42, സ്ട്രൈക്ക് റേറ്റ് 103.87, ഉയർന്ന സ്കോർ 160*, 100 5, 50 3