മുംബൈ: ക്രൂഡ്ഓയിൽ വില ഗണ്യമായി ഇടിഞ്ഞതു രൂപയ്ക്കു തുണയായി. ഡോളറിന് 73.16 രൂപയിലേക്കു വിനിമയനിരക്ക് കയറി. തലേന്നത്തേക്കാൾ 41 പൈസ കുറവാണിത്.
ബ്രെന്റ് ഇനം ക്രൂഡ് ഓയിൽവില വീപ്പയ്ക്ക് 76 ഡോളറിനു താഴെയായതാണു രൂപയെ ഉയർത്തിയത്. കഴിഞ്ഞദിവസങ്ങളിലെല്ലാം 80 ഡോളറിനടുത്തായിരുന്നു. ഖഷോഗി പ്രശ്നത്തെത്തുടർന്നു ദുർബലമായ സൗദിഅറേബ്യ ക്രൂഡ്ഓയിൽ ഉത്പാദനം കൂട്ടാൻ സമ്മതിച്ചതാണു വിപണി മനോഭാവത്തിൽ മാറ്റംവരുത്തിയത്. ഇറാനെതിരായ ഉപരോധം നടപ്പാകുന്പോൾ കുറവുവരുന്ന ക്രൂഡ്ഓയിൽ സൗദിഅറേബ്യ നല്കുമെന്ന് ഉറപ്പായി.
എങ്കിലും ഇന്നലെ ക്രൂഡ് വില കയറുന്ന പ്രവണതയാണ് ഇന്ത്യയിലെ വ്യാപാരസമയം കഴിഞ്ഞപ്പോൾ കണ്ടത്. രാത്രിയോടെ ബ്രെന്റ് ക്രൂഡ് 77 ഡോളറിനു മുകളിലായി.രൂപയുടെ ആശ്വാസവും മറ്റു വിപണികളിലെ ഉണർവും ഓഹരികളെ സഹായിച്ചു. ഏറെ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ സെൻസെക്സ് 186.73 പോയിന്റ് കയറി 34,033.96ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 77.95 പോയിന്റ് നേട്ടത്തിൽ 10,224.75ൽ അവസാനിച്ചു.