വിഴിഞ്ഞം: സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് 13 കുട്ടികൾക്കും ഡ്രൈവർക്കും ആയയ്ക്കും പരിക്ക്. ഇന്ന് രാവിലെ എട്ടരയോടെ ചൊവ്വര തെക്കേകോണം ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. മരുതൂർകോണം പട്ടം താണുപിള്ള മെമ്മോറിയൽ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. വീടി കുറഞ്ഞ റോഡിലാണ് അപകടം നടന്നത്.
കുട്ടികളുമായി ബണ്ട് റോഡിലൂടെ പോകുകയായിരുന്ന സ്കൂൾ ബസ് റോഡിലെ മണ്ണിടിഞ്ഞതിനെ തുടർന്ന് കനാലിലേക്ക് പതിയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ക്ഷേത്രത്തിൽ അഷ്ടബന്ധകലശം നടക്കുന്നതിനാൽ ധാരാളം ഭക്തജനങ്ങൾ ക്ഷേത്ര പരിസരത്തുണ്ടായിരുന്നു.
ബസ് അപകടത്തിൽപ്പെട്ട വിവരം അറിഞ്ഞ് ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തജനങ്ങളാണ് രക്ഷാപ്രവർത്തനം നടത്തി കുട്ടികളെയും ഡ്രൈവറെയും രക്ഷപ്പെടുത്തിയത്. അപകടത്തിൽ ബസ് തലകീഴായി മറിഞ്ഞു. പരിക്കേറ്റ കുട്ടികളെ വിഴിഞ്ഞത്തെ സ്വകാര്യാശുപത്രിയിലേക്കും മെഡിക്കൽ കോളജാശുപത്രിയിലേക്കും മാറ്റി. ആരുടേയും പരുക്ക് ഗുരുതരമല്ല.