തിരുവനന്തപുരം: എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഓഫീസിനകത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തകർത്തു. വഞ്ചിയൂർ ധർമ്മദേശം ലൈനിൽ പ്രവർത്തിക്കുന്ന എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയാണ് ഇന്നലെ അർധരാത്രി പന്ത്രണ്ടരയോടെ ആക്രമണം നടന്നത്.
ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് എബിവിപി ആരോപിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎം-എസ്എഫ്ഐ പ്രവർത്തകരാണെന്ന് എബിവിപി നേതൃത്വം ആരോപിച്ചു. ആക്രമണത്തിൽ ഓഫീസിന്റെ ജനൽഗ്ലാസുകൾ തകർന്നിട്ടുണ്ട്.
ഇന്നലെ ആറ്റിങ്ങലിൽ എബിവിപി യൂണിറ്റ് ഭാരവാഹി ശ്യാം മോഹന്റെ വീട് ആക്രമിച്ച് ശ്യാം മോഹനെയും മാതാവിനെയും ഒരു സംഘം ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ പുലർച്ചെയോടെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വിനീഷിന്റെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു.
ആറ്റിങ്ങൽ മേഖലയിൽ എസ്എഫ്ഐ-എബിവിപി സംഘർഷം നിലനിൽക്കുന്നുണ്ട്. അതിന്റെ തുടർച്ചയാകാം എബിവിപി ഓഫീസിന് നേരെ നടന്ന ആക്രമണമെന്നാണ് പോലീസിന്റെ അനുമാനം. വഞ്ചിയൂർ പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.