പന്തളം: പത്തനംതിട്ട ജില്ലയിലെ പ്രളയ ബാധിതരായ വ്യാപാരികൾക്ക് പലിശരഹിതമായി 10 ലക്ഷം രൂപ ബാങ്ക് വായ്പ നൽകുമെന്നതുൾപ്പെടെ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഉടൻ തന്നെ നടപ്പിലാക്കണമെന്ന് ആന്റോ ആന്റണി എംപി. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രളയ ബാധിതരായ 800 വ്യാപാരികൾക്ക് ധനസഹായം നൽകുന്ന ചടങ്ങ് ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഉറപ്പ് പാലിച്ചില്ലെങ്കിൽ ജില്ലയിലെ വ്യാപാരികൾ സമര രംഗത്തേക്ക് ഇറങ്ങിയാൽ എല്ലാവിധ പിന്തുണയും വ്യാപാരികൾക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു.
പ്രളയത്തിനുശേഷം രണ്ടു മാസം കഴിഞ്ഞിട്ടുപോലും സർക്കാർ വ്യാപാരികൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ ജില്ലാ പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചു.റാന്നിയിലെ ഉപവാസ സമരം പ്രതീകാത്മകമായി സംഘടന നടത്തിയ സമരമാണെന്നും ഇനിയും സർക്കാർ വ്യാപാരികളോട് നിഷേധാത്മക നിലപാട് സ്വീകരിച്ചാൽ കടുത്ത സമരമാർഗങ്ങൾ സ്വീകരിക്കുവാൻ സംഘടന നിർബന്ധിതരായി തീരുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ പ്രളയബാധിതരായ 800 വ്യാപാരികൾക്ക് ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നും വിവിധ ജില്ലാ കമ്മറ്റികളിൽനിന്നും സ്വരൂപിച്ച ഫണ്ട് വിതരണം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഹമ്മദ് ഷരീഫ്, എം.കെ. തോമസ്കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ എസ്. ദേവരാജൻ, ജി. ഗോപകുമാർ എന്നിവർ നിർവഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കെ.ഈ. മാത്യു, ട്രഷറർ വി. ഉണ്ണികൃഷ്ണൻ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ എ. നൗഷാദ് റാവുത്തർ, സാൻലി എം. അലക്സ്, എം. സലീം, ജില്ലാ വൈസ് പ്രസിഡന്റുമാരായ ആർ. അജയകുമാർ, കൂടൽ ശ്രീകുമാർ, പ്രസാദ് ആനന്ദഭവൻ, ജില്ലാ സെക്രട്ടറിമാരായ വി.എം. സദാശിവൻപിള്ള, എം.കെ. മോഹൻകുമാർ, എന്നിവർ പ്രസംഗിച്ചു.