കിഴക്കന്പലം: പാതയോരത്തെ അനധികൃത ഫ്ളക്സ് ബോർഡുകൾ ഈ മാസം 30നകം നീക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുന്നത്തുനാട് കിഴക്കന്പലം പഞ്ചായത്തുകളിലെ ബോർഡുകൾ നീക്കം ചെയ്തു തുടങ്ങി.
കുന്നത്തുനാട് പഞ്ചായത്തിലെ പള്ളിക്കരയിലെയും പട്ടിമറ്റത്തെയും ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചവർ നേരിട്ടെത്തി നീക്കം ചെയ്തുകൊള്ളാമെന്നറിയിച്ചതായി പ്രസിഡന്റ് ജിജോ വി. തോമസ് പറഞ്ഞു. അടുത്തദിവസം മുഴുവൻ ബോർഡുകളും നീക്കംചെയ്യും.
കിഴക്കന്പലം പഞ്ചായത്തിലെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മുഴുവൻ ഫ്ളക്സ്ബോർഡുകളും പഞ്ചായത്ത് സെക്രട്ടറി എം.എൻ. ഹരികുമാറിന്റെ നേതൃത്വത്തിലാണ് നീക്കം ചെയ്യുന്നത്. പൊതുനിരത്തുകളിൽ ഇത്തരം ബോർഡുകൾ സ്ഥാപിക്കാനനുവദിക്കുകയില്ലെന്ന് പ്രസിഡന്റ് കെ.വി.ജേക്കബ് പറഞ്ഞു.
സ്വകാര്യഭൂമിയിലും സ്ഥാപനങ്ങളിലും പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിനു നിശ്ചിത നിരക്ക് പഞ്ചായത്തിലടച്ച് കരാറിലേർപ്പെടണം. പഞ്ചായത്ത് ഭരിക്കുന്ന ജനകീയകൂട്ടായ്മയായ ട്വന്റി 20 മാസങ്ങൾക്കുമുന്പേ ഫ്ളക്സ് ബോർഡുകൾ പഞ്ചായത്തിലൊരിടത്തും സ്ഥാപിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.