പാലക്കാട്: വനംവകുപ്പ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കെ.വി വിജയദാസ് എംഎൽഎ യ്ക്കെതിരെ കേസെടുത്തു. മണ്ണാർക്കാട് ഫോറസ്റ്റ് സെക്ഷൻ ഓഫീസറെയാണ് കോങ്ങാട് എംഎൽഎ കെ. വി വിജയദാസ് ഭീഷണിപ്പെടുത്തിയത്.
മണ്ണാർക്കാട് കോടതിയുടെ നിർദേശപ്രകാരം മണ്ണാർക്കാട് പോലീസാണ് കേസെടുത്തത്. കോങ്ങാട് മണ്ഡലത്തിലെ പൂഞ്ചോല ഭാഗത്തെ ഓടക്കുന്നിൽ വനംഭൂമി കയ്യേറിയത് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സെക്ഷൻ ഓഫീസർ പരിശോധന നടത്തിയിരുന്നു.
പരിശോധന നടത്തുന്നിടത്തേക്ക് പോയാൽ കാലുവെട്ടുമെന്ന് കെ.വി വിജയദാസ് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതിയിലുള്ളത്. ടെലിഫോണ്‍ സംഭാഷണത്തിന്റെ ഉള്ളടക്കമടക്കമുള്ള സിഡി സഹിതമാണ് ഉദ്യോഗസ്ഥൻ പരാതി നല്‍കിയത്. ഈ ശബ്ദസംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. അതേസമയം ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന ശബ്ദ സംഭാഷണം തന്റേതല്ലെന്നും കെ.വി വിജയദാസ് പറഞ്ഞു.