പാലക്കാട്: മൂന്നുവർഷം കാലാവധിയെത്തിയ പാലക്കാട് നഗരസഭയിലെ ബിജെപി ഭരണം തുലാസിൽ. നഗരസഭ ചെയർപേഴ്സണും വൈസ് ചെയർമാനുമെതിരെ യുഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയതോടെ ചരടുവലികൾ തകൃതിയായി.
17 യുഡിഎഫ് അംഗങ്ങളും ഒരു വെൽഫെയർപാർട്ടി അംഗവും ഒപ്പിട്ട പ്രമേയനോട്ടീസാണ് നല്‍കിയിട്ടുള്ളത്. പ്രമേയം വോട്ടിനിട്ടാൽ എൽഡിഎഫ് പിന്തുണ നല്‍കുമെന്ന കാര്യം ഉറപ്പാണ്. ഇതോടെ കേരളത്തിലെ ബിജെപി ഭരണത്തിലുള്ള ഏക നഗരസഭയായ പാലക്കാട് പാർട്ടിക്കു നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം. ഇതോടെ സംസ്ഥാനതലത്തിൽ തന്നെ പാലക്കാട് നഗരസഭ ശ്രദ്ധേയമാകുകയാണ്.
നഗരസഭയിൽ ബിജെപിയുടെ കൈവശം ഉണ്ടായിരുന്ന വികസന, ക്ഷേമകാര്യ, പൊതുമരാമത്ത്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻമാർക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന പ്രമേയം സിപിഎം പിന്തുണയോടെ പാസായിരുന്നു.
നഗരസഭയിൽ ഭരണത്തിൽ വരികയല്ല മറിച്ച് ബിജെപിയെ ഭരണത്തിൽനിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ വ്യക്തമാക്കിയിട്ടുണ്ട്.
ബദൽസംവിധാനങ്ങളെക്കുറിച്ച് മതേതര കക്ഷികളുമായി ആലോചിച്ച് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 52 അംഗ നഗരസഭയിൽ ബിജെപിക്ക് 24 അംഗങ്ങളാണുള്ളത്. യുഡിഎഫ് – 18, സിപിഎം- 9, വെൽഫെയർ പാർട്ടി- 1, എന്നിങ്ങനെയാണ് കക്ഷിനില. സിപിഎം പിന്തുണച്ചാൽ ബിജെപി യ്ക്ക് ഭരണം നഷ്ടമാകുമെന്ന് ഉറപ്പാണ്.
അഞ്ച് യുഡിഎഫ് കൗണ്‍സിലർമാരെ കഴിഞ്ഞ കൗണ്‍സിലിൽ നഗരസഭാ അധ്യക്ഷ സസ്പെൻഡ് ചെയ്തിരുന്നു. മൂന്നു മാസത്തേക്കാണ് സസ്പെൻഷൻ എന്നാണ് പറഞ്ഞിരുന്നത്. മുനിസിപ്പൽ ആക്ട് പ്രകാരം ഒരു ദിവസത്തേക്കു മാത്രമേ സസ്പെൻഡ് ചെയ്യാനാകൂ എന്നാണ് യുഡിഎഫ് വാദം. ഇവർക്കുകൂടി വോട്ട് ചെയ്യാൻ കഴിഞ്ഞാലേ അവിശ്വാസം പാസാകൂ. നവംബർ അഞ്ചിനാണ് അവിശ്വാസപ്രമേയം പരിഗണിക്കുക.