കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് ആവശ്യമായ ഫണ്ട് ഉടനെ അനുവദിക്കുമെന്ന് മുഖ്യമന്ത്രി നല്കിയ വാഗ്ദാനം ഉടന്‍ നടപ്പിലാക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് വികസനത്തിന് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഭരണാനുമതിക്കുള്ള ഫയല്‍ എത്തിയാലുടനെ ഫണ്ടനുവദിക്കുമെന്ന് കഴിഞ്ഞ മെയ് 13-ന് മുഖ്യമന്ത്രി കോഴിക്കോട്ട് നിവേദക സംഘത്തിന് ഉറപ്പുനല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഡോ.എം.ജി.എസ്, ഡോ.എ.അച്ചുതന്, ഗാന്ധിയന്‍ തായാട്ട് ബാലന്, മുന്‍ മേയര്‍സി.ജെ.റോബിന് , പ്രൊഫ.കെ.വിശാലാക്ഷി എന്നിവര്‍ താല്‍ക്കാലികമായി അനിശ്ചിതകാല ഉപവാസസമരത്തില്‍ നിന്ന് പിന്മാറുകയാണുണ്ടായത്. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി ഫണ്ട് ഒന്നുംതന്നെ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. കൂടാതെ, നഗരപാതാ വികസനപദ്ധതിയിലെ ആറ് റോഡുകളുടെ ഉദ്ഘാടന സമ്മേളനത്തില്‍ ഈ റോഡിന് പ്രഥമ പരിഗണന നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നതാണ്.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 334.5 കോടി രൂപയാണ് റോഡ് വികസനത്തിന് ആവശ്യം. മുന്‍ സര്‍ക്കാറിന്റെ കാലത്ത് 64 കോടിയും ഇപ്പോഴത്തെ സര്‍ക്കാറിന്റെ 50 കോടിയും അടക്കം മൊത്തം 114 കോടി രൂപയാണ് ഇതുവരെ റോഡിന് അനുവദിച്ചിട്ടുള്ളത്. നാല് കോടിക്കുള്ള സര്‍ക്കാര്‍ ഭൂമിയുടെ മതില് കെട്ടല്‍ ഏതാണ്ട് പൂര്‍ത്തിയായി.
മുന്‍കൂര്‍ സമ്മതപത്രവും അസ്സല് രേഖകളും നല്കി വളരെ കാലമായി കാത്തിരിക്കുന്നവരുടെ ഭൂമി ഏറ്റെടുക്കാന്‍ 112 കോടി ഉടന്‍ അനുവദിക്കേണ്ടതുണ്ട്. അതോടൊപ്പം സമ്മതം നല്കാത്തവരുടെ ഭൂമി എല്‍എ നിയമപ്രകാരം ഏറ്റെടുക്കുകയും വേണം.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ റോഡ് വികസനത്തിനുവേണ്ട മുഴുവന്‍ ഫണ്ടും അനുവദിക്കുമെന്ന ഭരണമുന്നണിയുടെയും എ.പ്രദീപ് കുമാര്‍ എംഎല്‍എയുടെയും തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം രണ്ടര വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല.
മന്ത്രിമാരും ജനപ്രതിനധികളും പുതിയപുതിയ വാഗ്ദാനങ്ങള്‍ നല്‍കിയും അവ ലംഘിച്ചും ജനങ്ങളെ കബളിപ്പിക്കുകയാണ്.നവംബറില്‍ മുഖ്യമന്ത്രി കോഴിക്കോട്ട് വരുമ്പോള്‍ ഒരുതവണകൂടി അദ്ദേഹത്തെ കണ്ട് നിവേദനം നല്കാന് യോഗം തീരുമാനിച്ചു.
കൂടാതെ ജില്ലാ കളക്ടറെ കണ്ട് മലാപ്പറമ്പ് ജംഗ്ഷനില്‍ നാല് ഭാഗത്തേക്കും ഫ്രീ ലെഫ്റ്റ് ഏര്‍പ്പെടുത്താനും ഇതുവരെ ഏറ്റെടുത്ത ഭൂമി റോഡിനോട് ചേര്‍ത്ത സ്ഥലങ്ങളില്‍ ലോറികളും മറ്റു വാഹനങ്ങളും പാര്‍ക്ക് ചെയ്ത് സ്കൂള്‍ കുട്ടികള്‍ക്കും യാത്രക്കാര്‍ക്കും അപകടങ്ങള്‍ നേരിടാന്‍ സാധ്യതയുള്ളതിനാല്‍ അവിടങ്ങളില്‍ പാര്‍ക്കിംഗ് കര്‍ശനമായി നിരോധിക്കണമെന്ന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ഡോ.എംജിഎസ് നാരായണന് അധ്യക്ഷതവഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍ , കെ.വി.സുനില്‍കുമാര്‍, കെ.പി.വിജയകുമാര്‍ , പ്രദീപ് മാമ്പറ്റ, കെ.സത്യനാഥന്, എന്‍.കെ. ശ്രീജന് , പി.സദാനന്ദന്, സി. ചെക്കുട്ടിഹാജി, എന്നിവര്‍ പ്രസംഗിച്ചു.