ജീവനക്കാരെ സ്നേഹിക്കുന്ന മുതലാളിയുടെ ഒപ്പം ജോലി ചെയ്യാനാണ് ഏതൊരാളും ആഗ്രഹിക്കുക. സമാനമായ രീതിയില്‍ ഗുജറാത്തിലെ ഒരു മുതലാളിയുടെ തൊഴിലാളിയാവാനുള്ള ആഗ്രഹമാണ് ഇപ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത്രത്തോളമുണ്ട്, തൊഴിലാളികളോടുള്ള ഇദ്ദേഹത്തിന്റെ സ്നേഹവും കടപ്പാടും.
സൂറത്തുകാരനായ രത്ന വ്യാപാരി സജ്വി ധൊല്‍കിയ ഇത്തവണയും വാര്‍ത്തകളില്‍ നിറഞ്ഞത് ജീവനക്കാര്‍ക്ക് നല്കിയ വിലപ്പിടിപ്പുള്ള സമ്മാനങ്ങളുടെ പേരിലാണ്. 600 കാറുകളും ഫ്ലാറ്റുകളുമാണ് ഇത്തവണ തൊഴിലാളികള്‍ക്ക് സമ്മാനമായി ധൊലാക്കിയ നല്‍കിയത്.
സമ്മാനങ്ങള്‍ നല്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തതാവട്ടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രണ്ട് വനിതാ ജീവനക്കാര്‍ക്ക് കാറിന്റെ താക്കോലുകള്‍ കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി കമ്പനി ജീവനക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന 25000 ത്തോളം വരുന്ന സദസിനെ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.
മാരുതി സുസുക്കി ആള്‍ട്ടോ, മാരുതി സുസുക്കി സെലേറിയോ മോഡലുകളില്‍ പെട്ട കാറുകളാണ് ജീവനക്കാര്‍ക്ക് മുതലാളി സമ്മാനിച്ചത്. കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്ക് വഹിച്ച 1600 ല്‍ കൂടുതല്‍ വരുന്ന വജ്രാഭരണ ജോലിക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ഇവര്‍ക്ക് ഇവരുടെ താല്പര്യത്തിന് അനുസരിച്ച് കാറോ, ഫ്ളാറ്റോ, ബാങ്ക് ഡിപ്പോസിറ്റോ തിരഞ്ഞെടുക്കാം. ആകെ 5500 ജീവനക്കാരുള്ള ഈ കമ്പനിയില്‍ 4000 ജീവനക്കാര്‍ക്കും പലതവണകളായി ഇത്തരത്തിലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ ദിവസം കമ്പനിയില്‍ 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ മൂന്നു ജീവനക്കാര്‍ക്ക് മെഴ്സഡീസ് ബെന്‍സ് എസ്യുവി സമ്മാനമായി നല്‍കിയിരുന്നു.