തിരുവനന്തപുരം: ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു വ്യാപക റെയ്ഡും അറസ്റ്റും. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ, കാനനപാത എന്നിവിടങ്ങളിൽ അക്രമം നടത്തുകയും സുപ്രീംകോടതി വിധി അട്ടിമറിച്ചു യുവതികളെ തടയാൻ ശ്രമിക്കുകയും ചെയ്ത 2,061 പേരെ വിവിധ ജില്ലകളിൽനിന്നായി ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി മാത്രം 700 പേരെയാണ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരിൽ സ്ത്രീകളുമുണ്ട്. 452 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നു. 1,500 പേരെ ജാമ്യത്തിൽ വിട്ടു. നിരവധി വാഹനങ്ങളും മൊബൈൽ ഫോണുകളും പോലീസ് ഇവരിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡിജിപിയെ വിളിച്ചു വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നിർദേശത്തെത്തുടർന്നാണ് ഈ നടപടി. സംഘർഷത്തിൽ ഉൾപ്പെട്ടുവെന്നു സംശയിക്കുന്നവരുടെ ചിത്രങ്ങൾ ബുധനാഴ്ച രാത്രി പോലീസ് പുറത്തുവിട്ടതിനു പിന്നാലെയാണു വ്യാപകമായി അറസ്റ്റുണ്ടായത്. അഞ്ഞൂറിലേറെ കേസുകളിലായി 2,100 പേരെ തെരയുന്നുണ്ടെന്നാണ് സൂചന.