തൊടുപുഴ: കഞ്ചാവ് കടത്താൻ കൊറിയർ സർവീസിനെ ആശ്രയിച്ച യുവാവ് കുടുങ്ങി. തൊടുപുഴ പോലീസ് സ്റ്റേഷന്റെ മൂക്കിനു താഴെയുള്ള കൊറിയർ സർവീസ് വഴി കഞ്ചാവ് അയയ്ക്കാൻ ശ്രമിച്ച യുവാവ് ബുധനാഴ്ച രാത്രിയിലാണ് പോലീസിന്റെ പിടിയിലായി.
തൊടുപുഴ കോലാനി മാനന്തടം ഭാഗത്ത് നായരുകുഴിയിൽ അജിൻ ഉണ്ണി(19)യാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. രാത്രി എട്ടോടെയാണ് തൊടുപുഴ പോലീസ് സ്റ്റേഷനു സമീപത്തുള്ള കൊറിയർ സർവീസിൽ അജിൻ കൊറിയർ അയയ്ക്കാനെത്തിയത്. ജാർഖണ്ഡിലുള്ള ആലപ്പുഴ സ്വദേശിയായ സുഹൃത്തിന് പാഴ്സൽ അയയ്ക്കണമെന്ന് പറഞ്ഞാണ് യുവാവ് എത്തിയത്.
എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കൊറിയർ സർവീസ് നടത്തിപ്പുകാർ സമീപത്തെ സ്റ്റേഷനിൽ വിവരമറിയിച്ചു. എസ്ഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് പായ്ക്കറ്റിനുള്ളിൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.