തിരുവനന്തപുരം: ശബരിമലയിലെ യുവതിപ്രവേശം അനശ്ചിതത്വത്തില്‍ തുടരുന്നതിനിടയിലും വലിയ പ്രതീക്ഷയോടെയാണ് കെഎസ്ആര്‍ടിസി മണ്ഡലകാലത്തെ കാണുന്നത്. ഇതുവരെ ആരും ചിന്തിക്കാത്ത പുതിയ ആശയങ്ങളാണ് എംഡി ടോമിന് തച്ചങ്കരിയുടെ തലയില്‍ വിരിഞ്ഞിരിക്കുന്നത്. ശബരിമലയിലേക്ക് സുഖകരമായ യാത്ര തീര്‍ത്ഥാടകര്‍ക്കൊരുക്കി പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമമാണ് ആനവണ്ടി നടത്തുന്നത്. ഭക്തരുടെ മനസ്സ് അറിഞ്ഞുള്ള പദ്ധതികളുമായി സിഎംഡി ടോമിന് തച്ചങ്കരി എത്തുമ്പോള്‍ അത് ശബരിമല തീര്‍ത്ഥാടനത്തിലെ അടിസ്ഥാന സൗകര്യങ്ങളെ പോലും മാറ്റി മറിക്കുന്ന തരത്തിലേക്ക് മാറുകയാണ്.
അയ്യപ്പദര്‍ശന്‍ ടൂര്‍ പാക്കേജെന്നാണ് യാത്രാ പദ്ധതിക്ക് കെഎസ്ആര്‍ടിസി നല്കുന്ന പേര്. എയര്‍പോര്‍ട്ടിലും റെയില്‍വേ സ്റ്റേഷനിലും എത്തുന്ന ഭക്തരെ ലക്ഷ്യമിട്ടാണ് ഇത്. വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും എത്തുന്ന ഭക്തരെ കെഎസ്ആര്‍ടിസി പ്രതിനിധികള്‍ സ്വീകരിക്കും. ഇതോടെ അയ്യപ്പഭക്തരെ ആനവണ്ടി ഏറ്റെടുക്കുകയാണ്. ഭക്തരുടെ വേഷത്തില്‍ അയ്യപ്പദര്‍ശന്‍ സ്റ്റിക്കറും പതിക്കും. പിന്നെ എല്ലാം കെ എസ്ആര്ടിസി നോക്കും. വിമാനത്താവളത്തിലായാലും റെയില്‍വേ സ്റ്റേഷനിലായാലും തിരികെ എത്തിക്കുകയും ചെയ്യും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലുമാണ് അയ്യപ്പദര്‍ശന്‍ പരിപാടിയുണ്ടാവുക
എസി വോള്‍വോ ബസിലാകും യാത്ര. പമ്പായാത്രയില്‍ ഒരു കുപ്പി കുടിവെള്ളം സൗജന്യമായി നല്‍കും. ബസില്‍ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുന്നതിനും വൈഫൈ സൗകര്യവും ലഭ്യമായിരിക്കും. അങ്ങനെ അത്യാധുനിക ബസില്‍ യാത്ര. യാത്രയ്ക്കിടെ തീര്‍ത്ഥാടനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ബസില്‍ അനൗണ്‍സ് ചെയ്യും. അയ്യപ്പഭക്തിഗാനങ്ങള്‍ യാത്രയില്‍ ഉടനീളം ഭക്തര്‍ക്കായി ബസില്‍ കേള്‍പ്പിക്കും. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും അയ്യപ്പനെ മാത്രം മനസില്‍ ധ്യാനിച്ചുള്ള യാത്ര. യാത്രാ മധ്യേ ആവശ്യപ്പെടുന്നവര്‍ക്ക് ടോയിലറ്റ് സൗകര്യവും ലഭ്യമാകും. നിലയ്ക്കലില്‍ ബസ് മാറികയറാതെ നേരിട്ട് പമ്പയില്‍ ഇറങ്ങാവുന്നതുമാണ്. അതുകൊണ്ട് തന്നെ മറ്റ് അസൗകര്യങ്ങളും ഇല്ല. പമ്പയില്‍ ക്ലോക്ക് റൂം സൗകര്യം ലഭ്യമാകും. ഇവിടെ മറ്റ് സാധനങ്ങള്‍ വച്ച് ഇരുമുടികെട്ടുമായി മല ചവിട്ടാം.
പമ്പയില്‍ കെഎസ്ആര്‍ടിസി പ്രതിനിധികള്‍ യാത്രക്കാരെ സ്വീകരിക്കും. പൊലീസിന്റെ വിര്‍ച്ച്യവല്‍ ക്യൂ അടക്കമുള്ള ദര്‍ശനത്തിന് സൗകര്യവും കെ എസ് ആര് ടി സി തന്നെ ഒരുക്കും. അതായത് ദര്‍ശനത്തിന് വേണ്ടി യാതൊരു ബുദ്ധിമുട്ടും ഭക്തര്‍ക്ക് ഉണ്ടാകില്ല. ഒരു ടിന് അരവണയും പാക്കേജിലുണ്ട്. തിരികെയുള്ള യാത്രയ്ക്കും എയര്‍പോര്‍ട്ട് റെയില്വേസ്റ്റേഷന് വ്യത്യാസമില്ലാതെ കെഎസ്ആര്‍ടിസി സൗകര്യമൊരുക്കും.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുള്ള അയ്യപ്പദര്‍ശന്‍ യാത്രയ്ക്ക് ഒരാളില്‍ നിന്ന് 1500 രൂപയാണ് ഈടാക്കുക. ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിന്ന് 900 രൂപയും. മുന്‍കൂട്ടി റിസര്‍വ് ചെയ്യാത്തവര്‍ക്ക് ബസില്‍ ഒഴിവുണ്ടെങ്കില്‍ സീറ്റുകള്‍ കിട്ടും. ഒക്ടോബര്‍ 29 മുതല്‍ റിസര്‍വേഷന്‍ സൗകര്യവും ഒരുക്കും. തിരിക്ക് കൂടിയാല്‍ ശബരിമല ദര്ശന് പാക്കേജില്‍ നോണ്‍ എസി ബസുകളും ഉള്‍പ്പെടുത്തും. ഭക്തര്‍ എങ്ങനെയാണ് ഈ പദ്ധതിയെ ഏറ്റെടുക്കുന്നതെന്നതിനെ അടിസ്ഥാനമാക്കിയാകും ഈ ഇടപെടല്‍. യാത്രക്കാര്‍ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ എംഡി തന്നെ നേരിട്ട് എല്ലാം വിലയിരുത്തും. യാത്രക്കാരെ അയ്യപ്പ ഭക്തരായി കണ്ടുള്ള ഇടപെടലാകും ഇത്തവണ കെഎസ്ആര്‍ടിസി നടത്തുകയെന്നാണ് സൂചന.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിനിലും വിമാനത്തിലും എത്തുന്നവരെയാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നെടുമ്പാശ്ശേരിയില്‍ 50 പേര് ഇറങ്ങുമ്പോള്‍ അത്രയും ടാക്സികളും പമ്പയിലേക്ക് വരാറുണ്ട്. ഇത് വലിയ ട്രാഫിക് കുരുക്കിനും കാരണമാകും. ഇതും 50 സീറ്റുള്ള ബസിലെ സുഖയാത്രയിലൂടെ കുറയ്ക്കാനാവും. ഇത് പരിസ്ഥിതിക്കും പൊലീസിനും എല്ലാം ഗുണകരമാകുമെന്നും തച്ചങ്കരി പറയുന്നു. വലിയ ലാഭേച്ഛയില്ലാതെയാണ് അയ്യപ്പദര്‍ശനം പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നും തയ്യങ്കരി പറഞ്ഞു.