മണ്ണാർക്കാട്: വനംവകുപ്പുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കോങ്ങാട് എംഎൽഎ കെ.വി.വിജയദാസിനെതിരെ കേസെടുത്ത സാഹചര്യത്തിൽ എംഎൽഎയ്ക്ക് ശക്തമായ പിന്തുണയുമായി സർവ്വകക്ഷി സംഘം രംഗത്ത്. കാഞ്ഞിരപ്പുഴ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പിന്തുണയറിയിച്ച് കർഷക സർവ്വകക്ഷി സംഘം പത്രസമ്മേളനം വിളിച്ചത്.
ആദിവാസി കോളനിയായ പാന്പൻതോട് കോളനിക്ക് സമീപം താമസിക്കുന്ന കുടിലിൽ തങ്കമ്മയുടെ കാർഷിക വിളകൾ വനം വകുപ്പ് നശിപ്പിച്ചതിനെതിരെ പരാതി നൽകിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പഞ്ചായത്തംഗം മണികണ്ഠൻ പറഞ്ഞു .
മൂവായിരം വാഴകൾ നശിപ്പിച്ചത് പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ മറ്റുവിളകളും നശിപ്പിച്ചു. തുടർന്ന് നശീകരണം സമീപ ഭാഗത്തേക്കും കുടിവെള്ള പൈപ്പ് മുറിച്ചുമാറ്റുന്നതിലേക്കും വരെ എത്തി .ഇതിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കർഷകർക്ക് വേണ്ടിയാണ് എംഎൽഎ പ്രതികരിച്ചത്.
ഉദ്യോഗസ്ഥനോട് എംഎൽഎ കയർത്തുസംസാരിച്ചത് സംഘം നിഷേധിച്ചില്ല. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.ഷംസുദ്ദീനും ഇത് സ്ഥിരീകരിച്ചു. എന്നാൽ എംഎൽഎയിൽ നിന്നുണ്ടായത് പൊതുവികാരമാണ്. ഉദ്യോഗസ്ഥൻ മര്യാദയില്ലാതെ സംസാരിച്ചതാണ് എംഎൽഎയെ പ്രകോപിതനാക്കിയത്. ഈ ഭാഗം മുറിച്ചുമാറ്റി വിഷയം വഴിതിരിക്കാൻ എംഎൽഎയുടെ സംഭാഷണം മാത്രമാണ് ഉദ്യോഗസ്ഥൻ പ്രചരിപ്പിച്ചത് .
കർഷകർക്ക് വേണ്ടിയാണ് എംഎൽഎഇടപെട്ടത്.മന്ത്രിയുടെയും, ഡി എഫ് ഒ യുടെയും നിർദ്ദേശത്തെ മറികടന്നാണ് ഉദ്യോഗസ്ഥൻ പ്രവർത്തിക്കുന്നത്. മേലിൽ കർഷകരുടെ വിളകൾ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും വനം വകുപ്പിന്റെ പീഢനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും അവർ പറഞ്ഞു. ഉൗരുമൂപ്പൻ കുട്ടൻ, കർഷക കൂട്ടായ്മയിലെ അംഗങ്ങളായ ബേബി ചെറുകര, എം.എസ് സാബു, പ്രകാശ്, നിസാർ മുഹമ്മദ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.