നരേന്ദ്രമോദിയുടെ മേക്കപ്പിന് മാത്രം പ്രതിമാസം 15 ലക്ഷം രൂപയോ! നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകളും അതിനായി അദ്ദേഹം ചെലവഴിക്കുന്ന തുകയും അദ്ദേഹം പ്രധാനമന്ത്രിയായ കാലം തൊട്ട് വിവാദമാണ്. എന്നാല്‍ അടുത്ത കാലത്ത് വിവാദവും ചര്‍ച്ചയുമായ ഒന്നാണ് നരേന്ദ്രമോദിയെ മേക്കപ്പ് ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം.

മോദിയുടെ മേക്കപ്പിനു മാത്രം പ്രതിമാസം 15 ലക്ഷം രൂപ വില വരുമെന്ന വാര്‍ത്തയും ഇതോടൊപ്പം പ്രചരിച്ചു. വാര്‍ത്ത ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് പുറത്തെത്തി.

ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പിന്നീട് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും കറങ്ങിനടന്നു. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ആദിത്യ ചതുര്‍വേദിയുടെ ‘മോദി മേക്കപ്പ്’ പോസ്റ്റിന് ലഭിച്ച ഷെയര്‍ 12,000ത്തോളമാണ്. എന്നാല്‍ പിന്നീട് ഇപ്പോഴിതാ ഈ വാര്‍ത്തയ്ക്കു പിന്നിലെ സത്യം പുറത്തുവന്നിരിക്കുന്നു.

ലോകപ്രശസ്ത മെഴുക് പ്രതിമ മ്യൂസിയം മാഡം തുസാഡ്‌സില്‍ മോദി പ്രതിമ ഒരുങ്ങുകയാണ്. പ്രതിമയെ ഒരുക്കുന്നതിനായി അതിന്റെ ആര്‍ട്ടിസ്റ്റ് മോദിയുടെ മുഖത്തിന്റെ അളവെടുക്കുന്ന ചിത്രമാണ് അദ്ദേഹത്തിന്റെ മേക്കപ്പ് എന്ന രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുന്നതിന്റെ തിരക്കിലാണ് മോദി, ബിജെപി അനുകൂലികള്‍ ഇപ്പോള്‍.

Related posts