പയ്യോളി: കീഴൂര്‍ മഹാ ശിവക്ഷേത്രത്തിലെ കീഴ്ശാന്തി ബാലുശ്ശേരി പനങ്ങാട് അഞ്ഞൂറ്റിമംഗലം ഹരീന്ദ്രനാഥ് കവര്‍ച്ചയ്ക്കിടെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പയ്യോളി സിഐ എം.പി. രാജേഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. വടകര ഡിവൈഎസ്പിയുടെ സ്പെഷല്‍ സ്ക്വാഡും അന്വേഷണസംഘത്തില്‍ ഉണ്ട്. അതേസമയം കീഴൂരിലെയും സമീപത്തെയും വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ഇന്നലെ തന്നെ ശേഖരിച്ചിട്ടുണ്ട്.
ഇതില്‍ കീഴൂര്‍ ടൗണ്‍ എത്തുന്നത്തിന് മുന്‍പേയുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാവ് ബൈക്കില്‍ പോകുന്നത് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ആക്രമിക്കപ്പെട്ട ഹരീന്ദ്രനാഥ് നല്കിയ മൊഴിയില്‍ രണ്ടുപേര്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടതായാണ് പറയുന്നത്. എന്നാല്‍ ദൃശ്യങ്ങളില്‍ ഹെല്‍മറ്റും മഴക്കോട്ടും ധരിച്ച ഒരാളെ മാത്രമേ കാണുന്നുള്ളൂ.
പുലര്‍ച്ചെ 4:58 നാണ് ഈ ദൃശ്യങ്ങള്‍ വീട്ടിലെ കാമറയില്‍ പതിഞ്ഞത്. എന്നാല്‍ പയ്യോളി പേരാമ്പ്ര റോഡിലെ വ്യാപാര സ്ഥാപനങ്ങളിലെ കാമറകളില്‍ ഇതിന്റെ തുടര്‍ച്ച പതിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ മോഷ്ടാവ് അയനിക്കാടേക്കുള്ള പോക്കറ്റ് റോഡ് വഴി രക്ഷപ്പെട്ടതാകാമെന്നാണ് പോലീസ് നിഗമനം. മോഷണ സഞ്ചിയിലെ രണ്ട് മൊബൈല്‍ ഫോണുകളില്‍ ഒന്ന് പാലക്കാട്ടേക്കുള്ള ലോറിക്ക് മുകളില്‍ നിന്നാണ് ലഭിച്ചത്.
ഈ ഫോണ്‍ ലഭിച്ച ലോറി ഡ്രൈവറെ ഇന്ന് പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇയാള്‍ നല്കിയ മൊഴിയില്‍ പുലര്‍ച്ചെ നാലു മണിക്ക് കുഞ്ഞിപ്പള്ളിയില്‍ നിന്നാണ് യാത്ര ആരംഭിച്ചതെന്നും പിന്നീട് മഞ്ചേരി നിര്‍ത്തിയപ്പോഴാണ് ഫോണ്‍ കണ്ടതെന്നും പറഞ്ഞിട്ടുണ്ട്.
പയ്യോളിയിലും പരിസരത്തും ലോറി നിര്‍ത്തിയിട്ടില്ല എന്ന മൊഴിയും നല്‍കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ദേശീയപാതയില്‍ അയനിക്കാട് ഭാഗത്ത് കയറിയ മോഷ്ടാവ് മൂരാട് പാലത്തിനുസമീപം സിഗ്നല്‍ കാത്ത് നിര്‍ത്തിയിട്ട ലോറിക്ക് മുകളിലേക്ക് മൊബൈല്‍ എറിഞ്ഞതാകാമെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച അന്വേഷണത്തിനായി സമീപത്തെ ഹോട്ടലിലെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
എന്നാല്‍ മറ്റൊരു മൊബൈല്‍ തച്ചന്‍കുന്ന് പരിസരത്തെവിടെയോ ഉള്ളതായാണ് ടവര്‍ ലൊക്കേഷന്‍ പ്രകാരം പോലീസ് സൈബര്‍ സെല്‍ കണ്ടെത്തുന്നത്. അങ്ങിനെയെങ്കില്‍ രണ്ടുപേര്‍ അടങ്ങുന്ന മോഷ്ടാക്കളുടെ സംഘം രണ്ടായി പിരിഞ്ഞ് ഒരാള്‍ ബൈക്കിലും മറ്റൊരാള്‍ തച്ചന്‍കുന്ന് ഭാഗത്തേക്കും പോയതാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
പോലീസ് നായ ഓടിയ വഴികള്‍ പുറത്തുനിന്നൊരാള്‍ക്ക് എളുപ്പം എത്തിചേരാന്‍ കഴിയാത്ത സ്ഥലമായതിനാല്‍ പ്രാദേശിക സഹായം ഇക്കാര്യത്തില്‍ ലഭിച്ചതായും സംശയിക്കുന്നുണ്ട്. ഇടതുകണ്ണിന് സാരമായി പരിക്കേറ്റ ഹരീന്ദ്രനാഥ് ഇന്നലെ വൈകീട്ട് ആശുപത്രി വിട്ടു. കാഴ്ചയ്ക്ക് ഗുരുതര തകരാറ് സംഭവിച്ചതായാണ് വിവരം.