കോഴിക്കോട്: കടവരാന്തയില്‍ ഉറങ്ങികിടന്നയാളെ മര്‍ദിച്ചവശനാക്കി പണവും വസ്ത്രങ്ങളും കവര്‍ന്ന സംഘത്തിലെ നാല് പേര് പിടിയിലായതായി സൂചന. നഗരത്തിലെ തെരുവുകച്ചവടക്കാരനായ കൊടുവള്ളി വാവാട് സ്വദേശി അബ്ദുള്‍ ലത്തീഫിനെ കൊള്ളയടിച്ച ബേപ്പൂര്‍ സ്വദേശികളാണ് പിടിയിലായത്.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കസബ എസ്ഐ വി.സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. കോഴിക്കടയിലെ പണിക്കുനില്ക്കുന്നവരും വാര്‍ക്ക പണിക്കുപോകുന്നവരും ഉള്‍പ്പെട്ടസംഘമാണ് അക്രമം നടത്തിയതെന്നാണ് വിവരം. അബ്ദുള്‍ ലത്തീഫിനെ മര്‍ദിച്ച തടിച്ച ശരീര പ്രകൃതമുള്ളയാളും പിടിയിലായിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഗംഗാതിയറ്ററിന് എതിര്‍വശത്തെ കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്നു കൊടുവള്ളി വാവാട് സ്വദേശി ആലം പുറയില്‍ അബ്ദുള്‍ ലത്തീഫ്. ഈ മാസം 22-ന് രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ആറംഘസംഘമാണ് അക്രമത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസിന് സൂചന ലഭിച്ചിരുന്നു.
തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പ്രതികള്‍ കടന്നുപോയ വഴികളിലെ ദൃശ്യങ്ങളും പരിശോധിച്ചു. സംഭവം സംബന്ധിച്ച കൂടുതല്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.
കസബ എസ്ഐയുടെ ഫേസ്ബുക്ക് പേജിലിട്ട കവർച്ചയുടെ വിവരങ്ങൾ ചുരുങ്ങിയ ദിവസംകൊണ്ട് മൂവായിരത്തിലധികം പേർ ഷെയർ ചെയ്തു.ഒരു ലക്ഷത്തിൽപരം ആളുകൾ ഫേസ്ബുക്ക് പേജ് വീക്ഷിച്ചിട്ടുണ്ട്. അക്രമികളെകുറിച്ച് സൂചന ലഭിക്കുന്നവര്‍ കസബ പോലീസുമായി ബന്ധപ്പെടണമെന്ന് എസ്ഐ വി.സിജിത്ത് ഫേസ്ബുക്കൽ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
സംഘം മദ്യപിച്ചശേഷം ഉറങ്ങികിടക്കുകയായിരുന്ന ലത്തീഫിനെ അക്രമിക്കുകയായിരുന്നു.അബ്ദുള്‍ ലത്തീഫ് തലയ്ക്കുവച്ച തുണിക്കെട്ട് മുഖത്ത് അമര്ത്തിപ്പിടിച്ചേശഷമായിരുന്നു മര്‍ദനം. 2,400 രൂപയും അയ്യായിരം രൂപവിലമതിക്കുന്ന ഷര്‍ട്ടുകളും എടുത്തശേഷം ഇയാളെ ഇവിടെനിന്നും ഓടിക്കുകയായിരുന്നു. കസബ എസ്ഐ വി.സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ബാക്കി പ്രതികൾ ഉടൻ പടിയിലാകും.