പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമിപത്തെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ രാത്രിയില്‍ കതകിൽമുട്ടിയ മൂന്നു ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. രാജസ്ഥാന് സ്വദേശികളായ മൂന്നുപേരെയാണ് പിടികൂടിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.
റെയില്‍വേ സ്റ്റേഷന് സമീപത്തെ റോഡരികില്നി ന്നും കുറച്ചകലെയുള്ള വീട്ടിലാണ് മൂവര്‍ സംഘമെത്തി വാതിലില്‍ മുട്ടിവിളിച്ചത്. സ്ത്രീകള്‍ ബഹളം വയ്ക്കുകയും അയല്‍വാസികള്‍ക്ക് വിവരം നല്‍കുകയുമായിരുന്നു.ഇതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മൂവരെയും പരിസരവാസികള്‍ വളഞ്ഞുപിടിച്ച് കൈകാര്യം ചെയ്തു.
വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി മൂവരെയും പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബൈക്കിലും മറ്റുമായി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവര്‍ ലഗേജുകള്‍ അവിടെ വച്ചിട്ടാണ് വീട്ടിലെത്തി കതകില്‍ മുട്ടിയതെന്ന് നാട്ടുകാര്‍ പറയുന്നു.
ഇതേവീട്ടില് ഈ മാസം മൂന്നാം തവണയാണ് രാത്രിയില്‍ അപരിചിതരെത്തി കതകില്‍ മുട്ടുന്നതെന്നും പല വീടുകളിലും ഇത്തരക്കാരുടെ ശല്യമുണ്ടെന്നും അതിനാലാണ് ഇവരെ പിടികൂടിയതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. മൂന്നുപേരെയും പോലീസ് ചോദ്യം ചെയ്തു. ജോലിക്കായി കൊണ്ടുവന്നയാളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്.