തിരുവനന്തപുരം: നവംബർ ഒന്നിനു ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യാ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മാച്ചിനോടനുബന്ധിച്ചു വൻ സുരക്ഷാ ക്രമീകരണങ്ങളാണ് സിറ്റി പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ് , ഡിസിപി ആര്. ആദിത്യ എന്നിവർ കൂടാതെ എട്ട് എസ്പിമാർ 18 ഡിവൈഎസ്പിമാർ 60 സിഐമാർ, 140 എസ്ഐമാർ ഉൾപ്പടെ 1500 പോലീസുകാരെയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.
തിരുവനന്തപുരം റേഞ്ചിനു കീഴിലുള്ള, കൊല്ലം സിറ്റി, കൊല്ലം റൂറൽ, തിരുവനന്തപുരം റൂറൽ എന്നീ സ്ഥലങ്ങളിൽ നിന്നും പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ഇവരെ കൂടാതെ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെയും വിവിധ സ്ഥലങ്ങളിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളതായി സിറ്റി പോലിസ് കമ്മിഷണര്‍ പി. പ്രകാശ് അറിയിച്ചു.
ഇന്നലെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിൽ ഐ ജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന മീറ്റിങ്ങിലാണ് സുരക്ഷ ക്രമീകരണങ്ങളെ സംബന്ധിച്ച തീരുമാനം എടുത്തത്.
ഗതാഗത നിയന്ത്രണം
ശ്രീകാര്യം മുതൽ കഴക്കൂട്ടം വരെ ദേശീയ പാതയില്‍ ഒരു വാഹനവും പാർക്ക് ചെയ്യുവാൻ അനുവദിക്കുന്നതല്ല. ഇത് കൂടാതെ കാര്യവട്ടം മുതൽ പുല്ലാനിവിള വരെ ഉള്ള റോഡിലും കാര്യവട്ടം മുസ്ലിം ജമാഅത് റോഡ് മുതൽ കുരിശടി വരെയുള്ള റോഡിലും അന്നേദിവസം പാർക്കിംഗ് അനുവദിക്കുന്നതല്ല.
തിരുവനന്തപുരത്തുനിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന ഹെവി വെഹിക്കിൾസ് ഉൾപ്പടെയുള്ള വാഹനങ്ങൾ ഉള്ളൂർ ആക്കുളം കുഴിവിള ബൈപാസ് വഴി പോകേണ്ടതാണ്. കൊല്ലത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ വെട്ടുറോഡിൽ നിന്നും തിരിഞ്ഞു കാട്ടായിക്കോണം ചെമ്പഴന്തി ശ്രീകാര്യം വഴി പോകേണ്ടതാണ്. സ്റ്റേഡിയത്തിലേക്ക് വരുന്നവരുടെ വാഹനങ്ങള്‍ ഉള്ളൂര്‍ , ശ്രീകാര്യം, കാര്യവട്ടം വഴിയാണ് വരേണ്ടത്.
മത്സരം കാണാന്‍ വരുന്നവര്‍ക്കുള്ള പാര്‍ക്കിംഗ്
ദേശീയ പാതയിൽ നിന്നും സ്റ്റേഡിയം കവാടം വരെ ഉള്ളിലേക്ക് കാര്‍ പാസ് ഉള്ളവരുടെ വാഹങ്ങൾ മാത്രമേ കടത്തി വിടുകയുള്ളു. മറ്റുള്ള ചെറു വാഹങ്ങൾ കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ് , എൽഎൻ സിപി മൈതാനം, കാര്യവട്ടം സർക്കാർ കോളജ്, കാര്യവട്ടം ബിഎഡ് സെന്റർ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.
ഇവിടെ പാർക്ക് ചെയ്യുവാൻ സാധിക്കാത്ത മറ്റു വാഹനങ്ങളും, ബസുകളും, കഴക്കൂട്ടത്തെ അൽസാജ് കൺവൻഷൻ സെന്ററിലെ ഗ്രൗണ്ടിൽ പാർക്ക് ചെയേണ്ടതാണ്. ഇരുചക്ര വാഹനങ്ങള്‍ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറെ റോഡിലുള്ള മൂന്ന് ഗ്രൗണ്ടുകളിലായി പാര്‍ക്ക് ചെയ്യണം.
കളി കാണാന്‍ വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പ്രവേശന ടിക്കറ്റ് പേടിഎം വഴി ആണ് എടുക്കേണ്ടത്. കളി കാണാന്‍ വരുന്നവര്‍ ഇ – ടിക്കറ്റിനോടൊപ്പം ഫോട്ടോ പതിച്ച ഐഡി കാര്‍ഡും കൊണ്ടുവരണം. പോലീസ് ഉള്‍പ്പെടെ ഡ്യൂട്ടി പാസ് ഇല്ലാത്ത, സ്റ്റേഡിയം ഡ്യൂട്ടിയില്‍ ഉള്ള ആരെയും സ്റ്റേഡിയത്തിന്റെ പരിസരത്തോ ഉള്ളിലോ യാതൊരു കാരണവശാലും പ്രവേശിപ്പിക്കുന്നതല്ല. നവംബര്‍ ഒന്നിന് ഉച്ചക്ക്12 മുതൽ മാത്രമേ പൊതുജനങ്ങളെ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കുകയുള്ളു.
പ്ലാസ്റ്റിക് കുപ്പികള്‍, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങള്‍, കറുത്ത കൊടി, പടക്കങ്ങള്‍, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയ യാതൊന്നും സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കുന്നതല്ല. കളി കാണാന്‍ വരുന്നവരുടെ മൊബൈല്‍ ഫോണ്‍ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.
മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ എത്തുന്നവരെ ഒരു കാരണവശാലും സ്റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കുന്നതല്ല. ഭക്ഷണ സാധനങ്ങളും, വെള്ളവും സ്റ്റേഡിയത്തിനുള്ളിൽ കൊണ്ടുവരുവാൻ അനുവദിക്കുന്നതല്ല, ഭക്ഷണ സാധങ്ങളും, വെള്ളവും സ്റ്റേഡിയത്തിലെ കാണികളുടെ ഇരിപ്പിടത്തിനു അടുത്തായി ലഭ്യമാക്കുന്നതാണ്.