കോട്ടയം: ശബരിമല സ്ത്രീ പ്രവേശനപ്രതിഷേധം ക്ഷേത്രങ്ങളുടെ വരുമാനത്തെയും ബാധിക്കും. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിൽ കാണിക്കയായും സംഭാവനയായും പണം നൽകേണ്ടതില്ലെന്നു വിവിധ സംഘടനകൾ വഴി ഭക്തരെ ബോധവത്കരിക്കുവാൻ തുടങ്ങി. ഭണ്ഡാരത്തിൽ പണം നിക്ഷേപിക്കരുതെന്നും കാണിക്കയായി കർപ്പൂരം, സാന്പ്രാണി കത്തിക്കുകയും എണ്ണ ഉൾപ്പെടെയുള്ള മറ്റുവഴിപാടുകൾ നടത്തിയാൽ മതിയെന്നുമാണു ഭക്തരോടു പ്രതിഷേധക്കാർ പറയുന്നത്.
ഇതോടെ പലക്ഷേത്രങ്ങളിലും വരുമാനത്തിൽ നേരിയ കുറവുണ്ടായതായി പറയുന്നു. വാഴൂർ വെട്ടിക്കാട് ധർമശാസ്ത്രാക്ഷേത്രത്തിലെ കാണിക്ക മണ്ഡപത്തിലെ ഭണ്ഡാരം ഇന്നലെ ഭക്തർ പൂട്ടിയിരുന്നു. ശബരിമല പ്രശ്നത്തിൽ ദേവസ്വം ബോർഡിനോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചെത്തിയ ഭക്തരാണു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചുമതലയിലുള്ള വെട്ടിക്കാട് ക്ഷേത്രഗോപുരത്തിലെ ഭണ്ഡാരത്തിലെ നേർച്ചയിടാനുള്ള ദ്വാരം സിമന്റ് ഉപയോഗിച്ചു അടച്ചത്.
കാണിക്കയായി കർപ്പൂരം കത്തിക്കുക എന്ന നിർദേശവും കാണിക്ക മണ്ഡപത്തിൽ പേപ്പറിൽ ഒട്ടിച്ചു. കൊടുങ്ങൂർ ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ ശശികുമാർ ക്ഷേത്രത്തിലെത്തി വിഷയം ദേവസ്വം അസിസ്റ്റന്റ് കമ്മീഷ്ണറെ അറിയിച്ചു. ക്ഷേത്രോപദേശകസമിതിയുമായി ചർച്ച ചെയ്തു പ്രശ്നപരിഹാരത്തിനു ശ്രമിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഇതുപോലെ പലദേവസ്വം ക്ഷേത്രങ്ങളിലും പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. ക്ഷേത്രങ്ങളിൽ കാണിക്കയായി പണം നൽകാതെ മറ്റു കാണിക്കകൾ നടത്താനാണു ഭക്തരുടെ നീക്കം. ഇതു ദേവസ്വത്തിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിക്കും. ഭക്തർ നൽകുന്ന കാണിക്കയും ക്ഷേത്രത്തോടു ചേർന്നുള്ള മറ്റു കെട്ടിടങ്ങളുടെ വാടകയുമാണു ഇപ്പോൾ ക്ഷേത്രങ്ങളുടെ വരുമാനം.
ഇതിൽ വലിയ കുറവുണ്ടായാൽ ക്ഷേത്രങ്ങളുടെ ദൈനംദിന ചെലവുകൾ നടക്കുമെങ്കിലും ദേവസ്വം ബോർഡിന്റെ ചെലവുകളെ പ്രതികൂലമായി ബാധിക്കും. ദേവസ്വം ഉദ്യേഗസ്ഥരുടെ ശന്പളം, ചെലവുകൾ എന്നിവ ഇപ്പോൾ ക്ഷേത്രങ്ങളിൽനിന്നുള്ള വരുമാനത്തിൽനിന്നാണു വിനിയോഗിക്കുന്നത്. വരുമാനം കുറഞ്ഞാൽ ദേവസ്വത്തിനു സർക്കാർ പണം നൽകുന്നതടക്കമുള്ള കാര്യങ്ങളിലേക്കു നീങ്ങും.