മുംബൈ: കടക്കെണിയിലായ എസാർ സ്റ്റീൽ ലക്ഷ്മി നാരായൺ മിത്തലിന്റെ ആർസെലോർ മിത്തൽ ഗ്രൂപ്പ് ഏറ്റെടുക്കും. ജപ്പാനിലെ നിപ്പോൺ സ്റ്റീലും സുമിടോമോ മെറ്റൽ കോർപറേഷനുംകൂടി സഹായിച്ചാണ് ആർസെലോർ ഇതു ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ നിർമാണഗ്രൂപ്പാണ് മിത്തലിന്റേത്.
49,000 കോടി രൂപയിൽപ്പരം കടമുണ്ട് എസാർ സ്റ്റീലിന്. 42,000 കോടി രൂപയാണ് മിത്തൽ നല്കുക. ബാങ്കുകൾക്ക് 7000 കോടി രൂപ നഷ്ടം വരും. മിത്തൽ നേരത്തേ ഓഫർ ചെയ്തിരുന്നതിനേക്കാൾ വളരെ കൂടിയ തുകയാണ് ഇപ്പോൾ വാഗ്ദാനം ചെയ്തിട്ടുള്ളത്.
വായ്പ നല്കിയ ബാങ്കുകൾ അടങ്ങിയ കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സ് (സിഒസി) മിത്തലിന്റെ ഓഫർ സ്വീകരിക്കുന്നതായി ഇന്നലെ പ്രഖ്യാപിച്ചു. ആർസെലോർ മിത്തലിനു ലെറ്റർ ഓഫ് ഇന്റന്റ് നല്കുകയും ചെയ്തു.
ബാങ്കുകൾക്കുള്ള തുക മുഴുവനും നല്കാമെന്ന് പഴയ ഉടമകളായ റുയിയ കുടുംബം മിനിയാന്ന് അപ്രതീക്ഷിതമായി ഓഫർ വച്ചിരുന്നു. എന്നാൽ, കമ്മിറ്റി അത് പരിഗണിച്ചില്ല. റുയിയമാർ ഇതിനെതിരേ നിയമയുദ്ധത്തിനു പുറപ്പെടാൻ സാധ്യതയുണ്ട്. നേരത്തേ ഒരു റഷ്യൻ ഗ്രൂപ്പുമായി ചേർന്നു ന്യൂ മെറ്റൽ എന്ന കൺസോർഷ്യത്തിന്റെ പേരിൽ കന്പനി തിരിച്ചുപിടിക്കാൻ റുയിയമാർ ശ്രമിച്ചതാണ്.
ലക്ഷ്മി എന്. മിത്തൽ ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ നിർമാണ ഗ്രൂപ്പിന്റെ തലവനാണെങ്കിലും ഇന്ത്യയിലെ സ്റ്റീൽ വ്യവസായത്തിൽ നേരിട്ടു പങ്കാളിയാകുന്നത് ഇതാദ്യമാണ്.
നേരത്തേ ഉത്തം ഗൽവ സ്റ്റീൽസിൽ ചെറിയ ഓഹരി ഉണ്ടായിരുന്നെങ്കിലും നടത്തിപ്പിൽ പങ്കാളിയായിരുന്നില്ല. ജിൻഡൽ സൗത്ത് വെസ്റ്റ് സ്റ്റീൽ, വേദാന്ത ലിമിറ്റഡ് എന്നിവയെ പിന്തള്ളിയാണ് മിത്തൽ എസാർ സ്റ്റീൽ സ്വന്തമാക്കുന്നത്. ഗുജറാത്തിൽ ഒരു കോടി ടൺ ശേഷിയുള്ള സ്റ്റീൽ പ്ലാന്റ് എസാർ സ്റ്റീലിനുണ്ട്.